രാമായണം

രാമായണം.
......................

കാർമുകിൽ തിങ്ങിയ
കർക്കിടസ്സന്ധ്യയിൽ,
രാമായണം, കഥ
കേൾക്കുകയായ്,

ദീപം തെളിയുന്നോ-
രുമ്മറക്കോലായിൽ,
ശാരികപ്പൈങ്കിളി
പാടുകയായ്,

ഈണത്തിലൂറുന്ന
ഗാനശകലത്തിൽ,
രാഘവീയം കഥ
മുഴങ്ങുകയായ്,

ജീവിതപാഠങ്ങൾ
രാമന്റെ കഥകളായ്,
എൻ മനോമുകുരത്തി -
ലാടുകയായ്,

വാക്കിന്റെയാഴത്തിൽ
മയങ്ങിക്കിടക്കുന്നോ-
രക്ഷയസത്യങ്ങൾ
ഉണരുകയായ്,

ധർമ്മവും നീതിയും
സംസാരമുക്തിയും,
ഹൃദയത്തിലേക്ക-
ങ്ങൊഴുകുകയായ്,

സ്വാർത്ഥമോഹങ്ങളും
ഞാനെന്ന ഭാവവും
മൂടിയ മാനസം,
തെളിയുകയായ്,

മനതാരിലെന്നെന്നും
തമസ്സ് നിറയ്ക്കുന്നോ-
രജ്ഞാനമേഘങ്ങൾ,
മറയുകയായ്,

ശോഭ ചൊരിയുന്ന
രാമായണദീപം,
അറിവിന്റെ നാളമായ്
ജ്വലിക്കുകയായ്,

ശ്രീരാമദേവന്റെ
നിർമ്മലസ്സാന്നിധ്യം,
അന്തരാത്മാവിലാ-
യറിയുകയായ്,

ആത്മാവിലാനന്ദ-
ക്കണ്ണീർക്കണികകൾ,
ഇറ്റിറ്റ് വീണങ്ങ്
നിറയുകയായ്.

Dr.Manoj.M.R.

Comments