ഉത്സവമില്ലാത്തവർ
ഉത്സവമില്ലാത്തവർ.
...................................
കുംഭമാസത്തിലെ
മായുന്ന സന്ധ്യയിൽ
ശ്രീകാളിയമ്മതൻ
കോവിലിലുത്സവം,
ചെണ്ടമേളത്തിന്റെ
ചടുലതാളത്തിലായ്
മേളക്കൊഴുപ്പേകി -
യുത്സവക്കാഴ്ചകൾ,
വെട്ടിത്തിളങ്ങുന്നു
വർണ്ണദീപങ്ങളും ,
തലയാട്ടിനിൽക്കുന്നു
ഗജരാജവീരരും,
ഉച്ചത്തിലായങ്ങു
പൊട്ടും കതിനകൾ,
ഉത്സാഹമോടെ
രസിക്കുന്നു നാട്ടുകാർ,
ഉത്സവമില്ലാതെ
പാതയോരത്തതാ
നന്നേ വയറൊട്ടിയൊ
രമ്മയും പൈതലും,
ദൈന്യനിർജ്ജീവ -
നയനങ്ങളോടവർ
കൈതലം നീട്ടുന്നു
കാരുണ്യപ്പറ്റിനായ് .
Dr Manoj M R.
Comments
Post a Comment