അമ്മേ! സുഗതേ!

കവിത.

അമ്മേ! സുഗതേ!
...............................

ഭൂവിൻ കവിതകൾ
പാടി നടന്നമ്മ
കേരളനാട്ടിൻ വസന്തമായി,
ഹൃത്തിന്നഴലുകൾ
ആ വിരൽത്തുമ്പിലെ
നൊമ്പരമേകും മൊഴികളായി,

സുഗതയായെന്നും
ചരിച്ച നിൻമാനസം
അഗതികൾക്കെന്നു -
മഭയമായി,
മുറിവേറ്റുവീണ മനുഷ്യജന്മങ്ങളോ 
അമ്മേ! നിൻകൈകളിൽ
സ്വസ്ഥരായി,

പീഡനമേറ്റു തളർന്നോരു കന്യകൾ
അമ്മേ! നിൻമാറിൽ
മയങ്ങിവീണു,
അന്ധകാരത്താൽ മറഞ്ഞ മനസ്സുകൾ
നിൻസ്നേഹജ്വാലയിൽ
ദീപ്തമായി,

പട്ടിണിക്കോലമാമൊട്ടും വയറുകൾ
നിന്റെ സാന്നിധ്യത്തിൽ
തൃപ്തരായി,
ഭീതിയാൽ മൗനത്തിലാഴും
ഹൃദയങ്ങൾ
അക്ഷരജ്യോതിയാൽ
ശോഭയാർന്നു,

അമ്മമനസ്സിലെ കാരുണ്യബാഷ്പങ്ങൾ
വറ്റും നദിതന്നുറവയായി,
പുല്ലും പുൽച്ചാടിയും
മാമരക്കൂട്ടവും
കാനനജീവിതഭംഗിയായി,

സിംഹവാലുള്ളോരു
വാനരവീരന്മാർ
നിൻതണലേറ്റു സന്തുഷ്ടരായി,
കാടിന്റെ സ്വന്തമാം
ആദിമമാനുഷർ 
അമ്മേ! പിറക്കാത്ത മക്കളായി,

സ്വാർത്ഥമനുഷ്യന്റെ
കാപട്യക്കൂത്തുകൾ
നിന്നുടെ മുന്നിൽ
കൊഴിഞ്ഞുവീണു,
നിന്നുടെ ഭാഷണം
രൂക്ഷമാണെങ്കിലും 
വാത്സല്യം ദർശിച്ചു
നിൻമിഴിയിൽ,

മലയാളനാട്ടിൻ മനസ്സാക്ഷിക്കുള്ളിൽ നീ
ജാഗ്രതയെന്ന തിരികൊളുത്തി,
അമ്മേ! സുഗതേ! നീ -
യെന്നും സുഗന്ധമായ്
മലയാളമണ്ണിൽ വസിക്കുമല്ലോ.

🌹🌹🌹

Dr Manoj M R.

Comments