വർഷം പോയതറിയാതെ
കവിത.
വർഷം പോയതറിയാതെ ....
..................................
ധനുമാസരാവിൽ
തനിച്ചിരുന്നീടവെ
പോയസംവത്സര -
മോർത്തുപോയി,
'ലോക്ഡൗൺ' ദിനങ്ങളു-
മേകാന്തവാസവും,
വർഷം പെട്ടെന്നു
കഴിഞ്ഞപോലെ,
ഗ്രീഷ്മവസന്തങ്ങൾ
മാഞ്ഞതറിഞ്ഞില്ല,
ഒറ്റപ്പെടലിൻ
വിജനതയിൽ,
പൊയ്പ്പോയകാലത്തെ
മോഹനസ്മരണകൾ
ഒത്തിരി നൊമ്പരം
തീർത്തുവുള്ളിൽ,
സാഗരതീരത്തെ
സന്ധ്യകൾ ചൂടുന്ന
സിന്ദൂരപ്പൂക്കളെ
കണ്ടതില്ല,
നീലാംബരിരാഗം
മൂളുന്ന കാറ്റിന്റെ
സ്നേഹത്തലോട -
ലറിഞ്ഞതില്ല,
പൂഴിയിൽ കൈയ്യൂന്നി
താരകളോടൊത്ത്
കവിതകൾ ചൊല്ലു -
വാനായതില്ല,
നവനീതചന്ദ്രന്റെ
മായികഭാവങ്ങൾ
വിസ്മയത്തോടെ
നുകർന്നതില്ല,
കൂട്ടുകാരോടൊത്ത്
നർമ്മം വിളമ്പീട്ട്
പൊട്ടിച്ചിരിക്കു-
വാനായതില്ല,
പൂങ്കാവനത്തിലെ
ചെമ്പകച്ചോട്ടിലെൻ
പ്രണയക്കിനാവിൽ
രമിച്ചതില്ല,
നീഹാരമലർചൂടും
താഴ്വാരപ്പെണ്ണിന്റെ
ലാവണ്യഭാവങ്ങൾ
കണ്ടതില്ല,
കാട്ടാറിൻ നൃത്തവും
കാടിൻ സുഗന്ധവും
ഹൃദയത്തിലേറ്റു -
വാനായതില്ല,
ക്ഷേത്രക്കുളത്തിന്റെ
പടിയിൽനിന്നീറനായ്
നാമംജപിക്കു -
വാനായതില്ല,
അഷ്ടപതിയുടെ
രാഗത്തിൽ ഭക്തിതൻ
ദീപമായ്ത്തീരുവാൻ
പറ്റിയില്ല ,
വായനശാലയിൽ
പുസ്തകഗന്ധത്തിൻ
ലഹരി നുകരാൻ
കഴിഞ്ഞതില്ല,
ഒറ്റപ്പെടലിന്റെ -
യേകാന്തചിന്തയാൽ
നിൻമന്ദഹാസവും
കണ്ടതില്ല,
നവവത്സരത്തിന്റെ
കാഹളം കേൾക്കവെ
മാനസം വീണ്ടുമു-
ണർന്നെണീൽപ്പൂ,
നല്ല ദിനങ്ങളും
നല്ല ഫലങ്ങളും
പ്രത്യാശയോടെ
ഞാൻ കാത്തിരിപ്പൂ.
Dr Manoj M R
Consultant Paediatrician,
General Hospital,
Thiruvananthapuram.
Mob 9387836710
drmanojmrpaed@gmail.com
Comments
Post a Comment