Posts

Showing posts from January, 2025

തെയ്യം

 ഈ നവ്യരാത്രിയിൽ തറവാടിൻ മുറ്റമൊരു തെയ്യത്തിൻ കളിയാട്ട വേദിയായി, ഗ്രാമങ്ങൾ കാണുവാൻ, ആശ്വാസമേകുവാൻ, ദൈവങ്ങൾ തെയ്യമായ് വന്നു നാട്ടിൽ, മാനത്തെ അമ്പിളി കളിവിളക്കായല്ലോ താരകൾ കൈത്തിരി യേന്തി നില്പു, ധ്യാനിച്ചു നിൽക്കുന്നു മാവും മരങ്ങളും ചെമ്പകപ്പൂമണം തങ്ങിനിൽപ്പൂ , ചെമ്പട്ടണിഞ്ഞ ഭഗ - വതിയമ്മയ്ക്കായ് നെയ്ത്തിരി നാളങ്ങൾ കൺതുറന്നു, ചന്ദനധൂപവും കർപ്പൂരദീപവും നല്ല സുഗന്ധം  പരത്തിയെങ്ങും, പിതൃക്കളും ലോകരും തറവാട്ടുമൂപ്പന്മാരും പ്രാർത്ഥനയോടങ്ങു കൈകൾ കൂപ്പി, ഗുളികനും വിഷ്ണുവും ഭഗവതിത്തെയ്യങ്ങളും നാടിനു കാവലായ് എന്നുമുണ്ടേ, ചെന്താമരപ്പൂവിൻ ചന്തമോടെ മുഖം , ചായില്യച്ചോപ്പിൻ മുഖത്തെഴുത്തും, കണ്ണിനുചുറ്റും കറുത്ത വരകളും, തെച്ചിപ്പൂച്ചേലൊത്ത ചുണ്ടുകളും, കണ്ഠത്തിൽ വെട്ടി - ത്തിളങ്ങുന്നു മാലകൾ, മണികൾ കിലുക്കുന്നു കാൽച്ചിലമ്പ്, മിന്നുന്ന പാവാട കാറ്റിലുലയുന്നു, ഓടിനടക്കുന്നു തെയ്യക്കോലം, ദോഷമകറ്റുവാൻ പാടുന്നു തോറ്റങ്ങൾ, തീക്കട്ടക്കൺകളിൽ കാണാം സ്നേഹം, മുറുകിത്തിമിർക്കുന്ന ചെണ്ടപ്പെരുക്കത്തിൽ ഉറഞ്ഞങ്ങു തുള്ളുന്നു തെയ്യക്കോലം, തിരുമുടിയേറ്റിലെ തെങ്ങിൻകുരുത്തോല ആകാശത്തോള- മുയർന്നുപൊങ്ങി, തെയ്യത്തിൻ കൈയ്...

നിളയുടെ പുത്രൻ

' നിളേ , ഒഴുക്കു നിന്നോ? നിശ്ചലയായോ ? കദനത്താൽ നീ വരണ്ടു പോയോ? കടവുകളെന്തേ മൗനം പൂണ്ടു? നിശ്ശബ്ദരായി പക്ഷിക്കൂട്ടം ദാരുണ വാർത്ത ശ്രവിച്ചതിനാലേ തകർന്നുവല്ലോ നിൻ്റെ മനസ്സും ശൂന്യതയാൽ നിൻ ഹൃദയം തേങ്ങി കരളിലെ മുറിവോ രക്തം വാർന്നു നിളേ നിൻ തീരത്തെ കഥകൾ ചൊല്ലിയ നിന്നുടെ പുത്രൻ പോയി മറഞ്ഞു , നിന്നുടെ മാറിൽ അക്ഷരം എഴുതിയ പൊൻതൂലികയും നിശ്ചലമായി വിധിയുടെ കൈയ്യിൽ പാവകളല്ലേ മാനവ ജീവിതം എത്ര നിസ്സാരം മരണത്തിൻ വിളി വന്നാൽ പിന്നെ മാനവനുണ്ടോ രണ്ടാമൂഴം എങ്കിലും ഇന്നെൻ മാനസമോതി സൽപ്പുത്രൻ നിൻ കീർത്തി പരത്തും മലയാളത്തിൻ ലോകത്തെന്നും യശ്വസിയാകും നിന്നുടെ പുത്രൻ കൊതിയോടെന്നും മലയാളക്കര വായിച്ചീടും എം ടി ക്കഥകൾ  നാലുകെട്ടിൽ പ്രതിധ്വനിക്കും ഏകാന്തതയുടെ തേങ്ങലുകൾ