തെയ്യം
ഈ നവ്യരാത്രിയിൽ
തറവാടിൻ മുറ്റമൊരു
തെയ്യത്തിൻ കളിയാട്ട
വേദിയായി,
ഗ്രാമങ്ങൾ കാണുവാൻ,
ആശ്വാസമേകുവാൻ,
ദൈവങ്ങൾ തെയ്യമായ്
വന്നു നാട്ടിൽ,
മാനത്തെ അമ്പിളി
കളിവിളക്കായല്ലോ
താരകൾ കൈത്തിരി
യേന്തി നില്പു,
ധ്യാനിച്ചു നിൽക്കുന്നു
മാവും മരങ്ങളും
ചെമ്പകപ്പൂമണം
തങ്ങിനിൽപ്പൂ ,
ചെമ്പട്ടണിഞ്ഞ ഭഗ -
വതിയമ്മയ്ക്കായ്
നെയ്ത്തിരി നാളങ്ങൾ
കൺതുറന്നു,
ചന്ദനധൂപവും
കർപ്പൂരദീപവും
നല്ല സുഗന്ധം
പരത്തിയെങ്ങും,
പിതൃക്കളും ലോകരും
തറവാട്ടുമൂപ്പന്മാരും
പ്രാർത്ഥനയോടങ്ങു
കൈകൾ കൂപ്പി,
ഗുളികനും വിഷ്ണുവും
ഭഗവതിത്തെയ്യങ്ങളും
നാടിനു കാവലായ്
എന്നുമുണ്ടേ,
ചെന്താമരപ്പൂവിൻ
ചന്തമോടെ മുഖം ,
ചായില്യച്ചോപ്പിൻ
മുഖത്തെഴുത്തും,
കണ്ണിനുചുറ്റും
കറുത്ത വരകളും,
തെച്ചിപ്പൂച്ചേലൊത്ത
ചുണ്ടുകളും,
കണ്ഠത്തിൽ വെട്ടി -
ത്തിളങ്ങുന്നു മാലകൾ,
മണികൾ കിലുക്കുന്നു
കാൽച്ചിലമ്പ്,
മിന്നുന്ന പാവാട
കാറ്റിലുലയുന്നു,
ഓടിനടക്കുന്നു
തെയ്യക്കോലം,
ദോഷമകറ്റുവാൻ
പാടുന്നു തോറ്റങ്ങൾ,
തീക്കട്ടക്കൺകളിൽ
കാണാം സ്നേഹം,
മുറുകിത്തിമിർക്കുന്ന
ചെണ്ടപ്പെരുക്കത്തിൽ
ഉറഞ്ഞങ്ങു തുള്ളുന്നു
തെയ്യക്കോലം,
തിരുമുടിയേറ്റിലെ
തെങ്ങിൻകുരുത്തോല
ആകാശത്തോള-
മുയർന്നുപൊങ്ങി,
തെയ്യത്തിൻ കൈയ്യിലെ
വില്ലും ശരങ്ങളും
രക്ഷാകവചങ്ങൾ
തീർത്തുവാനിൽ ,
തെയ്യത്തിൻ ദേഹത്തിൽ
ദൈവങ്ങളാടുന്നു,
അകതാരിൽ മാന്ത്രിക -
ഭാവം മുറ്റി,
നൂറ്റാണ്ടുകാലങ്ങൾ
പിന്നാക്കം പോയി ഞാൻ,
മുജ്ജന്മചിത്രങ്ങൾ
മുന്നിൽ കണ്ടു,
പൂവായും വണ്ടായും
നായായും ഞാനായും
മേവുന്ന ജീവൻ്റെ
സത്യമൊന്ന് ,
വേകുന്ന മാനസ-
മാറിത്തണുത്തല്ലോ,
ഉള്ളിലെ സന്താപം
മാഞ്ഞുപോയി,
തിന്തക തിന്തക
തിന്തക തൊം തൊം,
തിന്തക തിന്തക
തിന്തക തൊം ......
നൂറ്റാണ്ടുകാലങ്ങൾ
പിന്നോട്ടു പോയി ഞാൻ
മുജ്ജന്മ സത്യങ്ങൾ
മുന്നിൽ കണ്ടു
പൂവായും വണ്ടായും
നായായും മാനവനായും
മേവുന്ന ജീവൻ്റെ
സത്യമൊന്ന്
വേകുന്ന മാനസം
ആറിത്തണുത്തല്ലോ
ഉള്ളിലെ സന്താപം
മാഞ്ഞു പോയി
തിന്തക തിന്തക
തിന്തക തൊം തൊം
തിന്തക തിന്തക
തിന്തക തൊം ......
Comments
Post a Comment