ജീവിതം
ജീവിതം
ക്ഷണികമീ ജീവിതം,
തറയിൽ വീണുടയും
മൺകുടംപോൽ.
ക്ഷണികമീ ജീവിതം,
കരയിൽ വീണുടയും
നീർക്കുമിളപോൽ.
ക്ഷണികമീ ജീവിതം,
മാനത്ത് വീണുടയും
മഴവില്ലുപോൽ.
ക്ഷണികമീ ജീവിതം
മണ്ണിൽ വീണുടയും
ഹിമകണംപോൽ.
ക്ഷണികമീ പ്രകൃതിയും
സൂര്യനും ചന്ദ്രനും ,
ക്ഷണികം വസന്തവും
ഗ്രീഷ്മവും ശിശിരവും.
ക്ഷണികമീ പകലും
രാവും നിലാവും ,
ക്ഷണികമീ ജാഗ്രത്തും
സ്വപ്നസുഷുപ്തിയും.
ക്ഷണികമീ ശരീരം,
മനസ്സുമോർമ്മകളും ,
അനന്തകാലത്തിൽ
ജീവിതമൊരു ക്ഷണ-
മാത്ര ജ്വലിക്കുമൊരു
ജലരേഖതാൻ .
പക്ഷെ ,
ഒന്നുണ്ട് പാരിൽ
നിത്യവിശുദ്ധമായ് ,
ശ്രീബുദ്ധനും ജിനനും
രുചിച്ച ജ്ഞാനബോധം.
കാലാതിവർത്തിയാം
ആത്മബോധം.
നാമുമതുതാനെന്നറിയുന്ന
വേളയിൽ ,ജയിക്കുന്നു നാമും
സ്ഥലകാലബോധത്തെ,
പിന്നെയാവർത്തിക്കും
ജനനമരണത്തെയും .
Comments
Post a Comment