സ്വാതന്ത്യം
സ്വാതന്ത്ര്യം
മനമൊരുക്കും കാരാഗൃഹത്തിൽ,
സംസാരബന്ധക്കാഞ്ചനക്കൂട്ടിൽ,
സുഖദു:ഖങ്ങൾ വരിഞ്ഞുകെട്ടും
സ്വയമൊരുക്കും കോട്ടയിൽ,
കൂട്ടിലടച്ചൊരു പക്ഷിയെപ്പോൽ
ഭയചകിതരായ് വസിക്കുന്നു നാം.
ശ്രവിക്കുന്നു ശംഖൊലി,
ജ്ഞാനഗുരുവിൻ ഗർജ്ജനം,
ഉണരുക വേഗമുറക്കത്തിൽ
നിന്ന് നീ ,മനസ്സാക്ഷിയാം
താക്കോലിനാൽ തുറക്കുക
വേഗമീ കാഞ്ചനക്കൂട്.
അഴിക്കുക,സ്വാർത്ഥതയാം
നിൻ സ്വർണ്ണച്ചങ്ങല,
സ്വതന്ത്രനാകുക,
വിഹരിക്കുക,
അനന്തവിഹായസ്സിലൊരു
പറക്കും പരുന്തിനെപ്പോൽ.
സദ്ഗുരുവിൻ വാക്കിനാൽ
ഞെട്ടിയുണർന്നു ഞാൻ.
ഉറ്റുനോക്കി ഞാനുള്ളിലേയ്ക്ക്,
ഉള്ളുണർന്ന മനസ്സിലേയ്ക്ക്.
ഓർമ്മക്കോട്ടയ്ക്കുമപ്പുറം,
വിശുദ്ധനിർമ്മല-
ചിദാകാശത്തിലൊരു
സ്നേഹകാരുണ്യദീപ്തി-
ചൊരിയും സ്വാതന്ത്ര്യത്തിൻ
പൂർണ്ണസ്വരാജ്.
Comments
Post a Comment