മാലാഖ

മാലാഖ .

കൊൽക്കത്തതൻ
ഇരുണ്ട ചേരിയിൽ,
ഇറങ്ങി വന്നൊരു മാലാഖ,
തെരേസയെന്ന വിശുദ്ധ.

ഹൃദയത്തിൽ സ്‌നേഹവും,
ചുണ്ടിൽ പ്രാർത്ഥനയും,
കാരുണ്യജപമാലയും,
പ്രകാശരൂപിണിയാമമ്മ

അനാഥബാല്യത്തിനമ്മയായി,
രോഗിക്കാർദ്രസ്പർശമായി,
പതിതനേശുനാഥനായി,
ദിവ്യശുശ്രുഷയിലമ്മയാണ്ടുപോയി.

കാണാൻ കഴിഞ്ഞീല,
തൊടാൻ കഴിഞ്ഞീല
മാലാഖയെ, ജീവൻ
തുടിക്കും നാളുകളിൽ.

എങ്കിലും,

അമ്മയുറങ്ങുമീ പുണ്യ-
കുടീരത്തിൽ തല
കുമ്പിടുമ്പോളെൻ
മനമുരുകുന്നു.

പൊഴിയുമശ്രുകണം,
ഹൃദയചുംബനങ്ങൾ,
അർപ്പിച്ചു ഞാനാ
പുണ്യപാദങ്ങളിൽ.

വിങ്ങുമിടനെഞ്ചിൽ
വിശുദ്ധസ്പർശം,
സജലമിഴികളാൽ
ദർശിച്ചു ചുറ്റിലും,
ശുഭ്രവസ്ത്രവും മൃദു-
ഹാസവുമായ്,അനേകം
മാലാഖമാർ, ചുറ്റുമനേകം  തെരേസമാർ.

Dr Manoj.M.R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി