ചോറ്
ചോറ്
തൂശനിലയിൽ, സദ്യയ്ക്ക്
ചോറ് വിളമ്പും വേളയിൽ,
എണ്ണമേറും തൊടുകറിപോലെൻ
ചിന്ത ചിതറിത്തെറിച്ചു.
ഓർത്തു ഞാനാ നിമിഷം,
അദ്ധ്വാനത്തിൻ കഥകൾ,
വിയർപ്പുചാല് ചീന്തിയ കൃഷീവലന്റെ മഹത്വം.
അന്നമൊരുക്കും സ്വധർമ്മം
നെൽച്ചെടിതൻ സുകൃതം,
നിൽക്കാനിടവും ചുവടും നൽകും മണ്ണിൻ കന്നിഗന്ധം.
ജീവജലം പൊഴിക്കും
വിണ്ണിലെ കാർമേഘക്കൂട്ടം , മഴത്തുള്ളിയൊരുക്കും നീലക്കടലിന്റെ ആഴം ,
നീരിനെ ആവിയായ് മാറ്റും സൂര്യപ്രകാശവൈഭവം.
കൈവഴി താണ്ടി ചോറായ്
തീരും പ്രാണപ്രവാഹതാളം,
സ്നേഹചൈതന്യത്തിൻ
ജീവപ്രവാഹമേളം.
സദ്യ കഴിഞ്ഞെൻ
ദേഹമായ്ത്തീരും
വെള്ളച്ചോറിൻ ചരിത്രം
മാനവജീവിതകഥനം.
Comments
Post a Comment