ചോദ്യം
സായംസന്ധ്യ,
സാഗരതീരം,
നനഞ്ഞ മണ്ണ്,
ചോദിച്ചുറക്കെയീ
പ്രപഞ്ചത്തിൻ
വിധാതാവാര്.
അസ്തമയസൂര്യാ,
ആരു നൽകിയീ
മനം മയക്കും
കുങ്കുമച്ചോപ്പ്.
നീലവാനിലൊഴുകും
വെള്ളിമേഘമേ,
ആര് നിൻ
സ്രഷ്ടാവ്
മയിൽപ്പീലിക്കണ്ണ്,
പൂവിൻ നറുമണം,
കുയിലിൻ മാധുരി,
ആരുടെ മായാജാലം.
കുഞ്ഞേ, ആരു
നൽകിയീ
പാൽപ്പുഞ്ചിരി,
കാമിനീ നിൻ
കടക്കണ്ണിലെ
കായാമ്പൂ.
തിര തൻ
ചുംബനത്തിൽ,
മൃദുവാം
സ്നേഹമന്ത്രണം.
തിരയൊടുങ്ങും കടൽ,
വൃത്തിയൊടുങ്ങും ചിത്തം,
മൗനധ്യാനസ്സന്ധ്യയിൽ
ഒഴിയും മനസ്സിൽ മന്ത്രം.
അകതാരിലറിയും
അനുഭവം,
ഹൃത്തിലുയരും
അനുഭൂതി,
നിൻ കർമ്മഗതി,
നിയന്താവ് നീ തന്നെ.
മനസ്സാക്ഷിയാം
ശുദ്ധബോധത്തിൻ സൗമ്യസാന്നിധ്യം,തന്നെ- യേതിനും അധിഷ്ഠാനം.
Comments
Post a Comment