ആറ്റുകാൽ പൊങ്കാല
പൊങ്കാല
ആറ്റുകാൽ വാഴും
ചൈതന്യരൂപിണി ,
ചാമുണ്ഡിദേവിക്ക് പൊങ്കാല,
ക്ഷേത്രജ്ഞയായുള്ളിൽ വിളങ്ങും,
ആത്മജ്യോതിക്കൊരു പൊങ്കാല.
പീഠത്തിൽ അമ്മയെ കുടിയിരുത്തി ,
എൻ ചോരയാലുടുപ്പിച്ചു
പട്ടുമുണ്ട് ,
കണ്ണീരുകൊണ്ടൊരു തിലകക്കുറി ,
അർപ്പിച്ചുവെന്നെയാ പാദങ്ങളിൽ .
സ്ഥൂലശരീരത്തിലടുപ്പുകൂട്ടി,
പ്രാണപ്രവാഹത്തെ ജ്വാലയാക്കി,
മനസ്സിലെ ദു:ഖങ്ങളന്നമാക്കി,
അർപ്പിച്ചു മാനസപ്പൊങ്കാല .
അറിയില്ല, വേറെ പൂജയും മന്ത്രവും തന്ത്രവിധികളും,
അറിയുന്നതോ നിൻ
തിരുനാമജപം മാത്രം.
കേൾക്കുന്നുവമ്മേ
നിൻ ചിലമ്പിൻസ്വരം,
അറിയുന്നുവമ്മേ
നിൻ ശ്വാസഗതി.
കൂരിരുളാമെൻ ജീവിതത്തിൽ ,
പ്രഭാതസൂര്യൻ ഉദിച്ചപോലെ ,
തിളച്ചുപൊങ്ങുന്നു പൊങ്കാല,
തിളച്ചുതൂവുന്നു പായസവും.
ഭക്തിയാലുന്മത്തനാമെൻ
ചിത്തത്തിൽ അമ്മമാത്രം,
ഹൃദയത്തിൽ ആനന്ദപ്പായസം,
മിഴികളിൽ ആനന്ദക്കണ്ണീരും.
Comments
Post a Comment