ഗംഗാലഹരി
ഗംഗാലഹരി
തുടുത്തു മാനം ,വരവായ്
ഈറനുടുത്ത് സന്ധ്യാദേവി ,
ഭൂമിക്ക് സൗഭാഗ്യമായ്,
സ്വർഗ്ഗസീമയിൽനിന്നും
ഒഴുകുന്നു സമൃദ്ധയായ്,
ഹിമവൽപുത്രി ഗംഗാമാതാ .
കൂപ്പുകൈയ്യും മന്ത്രവുമായി ,
ഭക്തിതൻ ജ്യോതിയുമായി ,
ആരതിയൊരുക്കുമായിര-
ത്തിൽ ഒരുവനായി ,
ഈ പുണ്യമാം സ്നാന-
ഘട്ടത്തിൽ ഞാൻ നിൽക്കവേ ,
ശംഖനാദവും താളമേളവും
കീർത്തനവും മുഴങ്ങവേ ,
അലകളിൽ നൃത്തമാടും
നെയ്വിളക്കിൻ കണ്ണുകളാൽ,
കടാക്ഷിക്കുന്നെന്നെയമ്മ,
സ്നേഹവാത്സല്യത്തോടെ.
ബോധഗംഗയായെന്നിലൊഴുകി
ചിത്തശുദ്ധിയൊരുക്കി നീ,
ദുരീകരിച്ചെൻ ദൈന്യവും
ദു:ഖവും ദുർവാസനയും ,
സദ്ഗതിക്കായെന്നിൽ
സദ്വിചാരമൊരുക്കി നീ,
തമോഹരം നിൻ സ്മരണ
അചിന്ത്യം നിൻ മഹിമ .
ഒരു തുള്ളി ജ്ഞാനം
എനിക്കു തരൂ ,എൻ
കൈക്കുമ്പിൾ നിറയെ
നിൻ വാത്സല്യവും .
മഹേശന്റെ സഹൃദയ -
സാഗരത്തിലേക്കുള്ള
നിൻ പ്രയാണത്തിൽ ,
എന്നെയും കൂടെ കൊണ്ടു -
പോകൂ ,അമ്മേ ,ഞാനൊരു
ബോധകണമായ് നിന്നിൽ അലിഞ്ഞിടട്ടെ, ആനന്ദ-
ലഹരി ഞാനറിഞ്ഞിടട്ടെ,
ധ്യാനലഹരി നുകർന്നിടട്ടെ,1
ഗംഗാഹരിയിലാറാടട്ടെ.
Comments
Post a Comment