ബോൺസായ് മരം
ബോൺസായ് മരം
കുഞ്ഞുബോൺസായ് മരം
ഞാൻ, വളർച്ച മുരടിച്ച
അരയാൽ മരം.
തച്ചുടച്ചെൻ സ്വപ്നങ്ങളെ
നീ, തൈമരമായ്
കണ്ട കനവുകളെ,
,വെട്ടിനുറുക്കി കൊമ്പുകളെ,
വളരാൻ വെമ്പും ശിഖരങ്ങളെ,
മെരുക്കിയെടുത്തെന്നെ കുള്ളനാക്കി,
ചെറുപാത്രത്തിലെന്നെ നീ തടവിലാക്കി,
മുറിയിലിന്നു ഞാൻ കെട്ടുകാഴ്ച,
അല്പ പ്രാണനാം ജീവച്ഛവം,
ശുഷ്കമനസ്കനാം മർത്ത്യന്റെ
വികൃതിയാൽ, നിഷ്ഫല- ജീവിതമിന്നെൻ വിധി.
പാത്രത്തിൽ വഴിമുട്ടി
മുറിയുന്നെൻ വേരുകൾ,
അതുഗ്രശോകത്താൽ
പിടയുന്നു ഞരമ്പുകൾ.
തേങ്ങുന്നു ഹൃദയം
പൂക്കുവാനാകാതെ,
തളരുന്നു മാനസം
കായ്ക്കുവാനാകാതെ.
എനിക്ക്,
സൂര്യന്റെ ചൂടിൽ മയങ്ങീടണം, ഇളങ്കാറ്റിൻ
താളത്തിൽ ആടീടണം,
കിളിയോട് മറുവാക്ക്
ചൊല്ലീടണം ,
അണ്ണാറക്കണ്ണനെ
തൊട്ടീടണം .
മനുഷ്യായെൻ തേങ്ങൽ
കേൾക്കുന്നുവോ,
കണ്ണീരിൻ നനവ്
നീ കാണുന്നുവോ.
നിൻ സ്വാർത്ഥമെന്നേലും
ഒടുങ്ങീടുമോ ,നിന്നിൽ നന്മ-
യെന്നേലും പിറന്നീടുമോ,
നിൻ ബോൺസായ് മനസ്സ്
വളർന്നീടുമോ,നിന്നിൽ
സ്നേഹത്തിന്നുറവ
തുളുമ്പീടുമോയെൻ
മോക്ഷത്തിന്നൊരു
മൂർത്തി വന്നീടുമോ.
തളിരിടുമോയെന്നിൽ
പുതുനാമ്പുകൾ ,
ആഴ്ന്നിടുമോ
ഭൂവിലെൻ വേരുകൾ,
വൻമരമാം സ്വപ്നം
സഫലമാകാൻ
നല്ലനാളെന്നേലും
വന്നീടുമോ.
Comments
Post a Comment