വിഷുപ്പുലരി
വിഷുപ്പുലരിയിലെൻ
മുറ്റം നിറയെ,
പൂത്തുലയും
കണിക്കൊന്ന.
രാപ്പകൽ സമമാം
മേടച്ചൂടിൽ,
കുളിർമ്മയായ്,
വിഷുക്കൊന്ന.
സൂര്യനെയാവാഹിച്ച്
പൊന്നായ്,
ശോഭിക്കും
മഞ്ഞപ്പൂക്കൾ.
പീതാംബരധാരിയാം
ബുദ്ധഭിക്ഷുവെപ്പോൽ, നമ്രശിരസ്കയായ്
ധ്യാനക്കൊന്ന.
വിഷുക്കണി ,കൈനീട്ടം,
മനംനിറെ സദ്യയും,
കാലിയും കർഷകനും
ചേരുമുത്സവം,
വാടാത്ത ഓർമ്മയിൽ
വിഷുസമൃദ്ധി.
ചാലെടുക്കും കന്നിമണ്ണിൽ
ധാന്യവിത,
വിശുദ്ധമാനസത്തിൽ
നവചിന്ത.
പുതുവർഷപ്പുലരിയിൽ
തളിർക്കും സ്നേഹം,
സമമാകും നമ്മിൽ
ഇച്ഛയും കർമ്മവും.
കണിക്കൊന്നപോൽ
പൂത്തുലയും ജീവിതം,
നിറയെ നന്മയൂറും
സുവർണ്ണപുഷ്പങ്ങൾ.
.
Comments
Post a Comment