പിശാച്
പിശാചിറങ്ങിയെൻ
നാട്ടിലെങ്ങും,
കാമപ്പിശാചിറങ്ങിയെൻ
രാജ്യത്തെങ്ങും.
ഇരയെത്തിരയും
മുഖമില്ലാ പിശാച്,
പതുങ്ങി നടക്കുന്നു
ഇരുളും തൃഷ്ണയായ്,
ഭയന്നു വിറയ്ക്കുന്നു
ഇരയാം കുഞ്ഞുങ്ങൾ.
മുറിവേറ്റ പൈതലിൻ
അടക്കിയ തേങ്ങലെൻ
ഹൃദയത്തിലിന്നും
വിങ്ങലായ് നിറയുന്നു.
ആളുന്നു രോഷത്തീ
ഉള്ളത്തിലെങ്കിലും,
ചെയ്യാവതില്ലൊന്നും
പാടുകയല്ലാതെ.
മരവിച്ച ചിത്തത്തിലില്ല
അശ്രുമേഘം,
എങ്കിലും നിനക്കായ്
ഒരു കണ്ണീർക്കണം.
ഉണരുണരൂ സോദരാ
പൈതലിൻ രക്ഷക്കായ്,
കൈകോർക്കാമൊന്നായി
പിശാചിനെ തകർത്തീടാൻ.
Dr.Manoj.M.R.
Comments
Post a Comment