മനസ്സും ഹൃദയവും
വേർപെട്ടുപോയിന്ന്
മനസ്സും ഹൃദയവും,
ആകാശക്കോട്ടയാൽ
അകന്നുപോയി,
ചന്ദ്രനും സൂര്യനും
പോലെ, ഇന്നവർ
ഇരവും പകലുമായ്
അടർന്നുമാറി.
അഹന്തവൃക്ഷത്തിൻ
ഇലച്ചാർത്തുകൾ,
ചിന്തപ്പടർപ്പാം
മനക്കാടൊരുക്കി,
ഇസങ്ങൾ നിറയും
വനാന്തരത്തിൽ,
അറിവിൻ വെട്ടം
അണഞ്ഞുപോയി,
ഹൃത്തിൽ, സ്വാർത്ഥം
നിറപായലായി,
അന്ധതമസ്സിൻ
വല വിരിച്ചു,
മരവിച്ച മാനസം
മരണതുല്യം,
ശൂന്യമാം ഹൃദയം
ശിലയ്ക്കുതുല്യം,
ഹൃദയസൂര്യനും
ചന്ദ്രികയും,
ഏകാത്മധാരയെ-
ന്നറിയുവോളം,
സാർത്ഥകജീവിതം
സാധ്യമാണോ,
വികല്പസങ്കല്പം
അടങ്ങിയാലേ,
മനോഹൃദയങ്ങൾ
ഒത്തുചേരൂ.
Dr.Manoj.M.R.
Comments
Post a Comment