കളഞ്ഞുപോയ പുഞ്ചിരി

കണ്ടുമുട്ടിയെന്നാകിലും
തിരികെ ലഭിച്ചില്ല,
കളഞ്ഞുപോയോരെൻ
സ്നേഹപ്പുഞ്ചിരി.

പൂത്തു വിടർന്നൊരു
മായപ്പുഞ്ചിരി,
അമ്മമാറിൽ ചായും
പൈതലിന്നധരത്തിൽ.

പ്രേമസംഗീതത്തിൻ
താളലയത്തിൽ,
സ്വരരാഗമൊരുക്കും
സർഗ്ഗസ്മിതം.

സൗഹൃദത്തിൻ
സരോവരത്തിൽ,
മൃദുഹാസവുമായ്
നീലത്താമര.

മധുരകവിതയിൽ
വരപ്രസാദമായ്,
മോഹനസ്മിതവുമായ്‌
കാവ്യദേവത.

വാസന്തഹാസം തൂകി,
പൊൻവെയിലിൽ
കണ്ണുചിമ്മും
കുസുമദലങ്ങൾ.

പനിമതി ചുരത്തും
പാൽനിലാവിൽ,
ഗാന്ധർവ്വസ്മേരവുമായ്
പൂക്കും നിശാഗന്ധി.

തിരികെ ലഭിച്ചില്ല-
യെങ്കിലും, പുഞ്ചിരി,
ഓർമ്മനിലാവായ്
നിറഞ്ഞു ഹൃത്തിൽ.

Dr.Manoj.M.R.
9387836710

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി