കാളവണ്ടി

മണികിലുക്കും കാളവണ്ടി
ഗ്രാമത്തിലെന്നെ
ഉണർത്തിയന്ന്,
താളലയത്തിൽ നടകാളകൾ
മെല്ലെ കുണുങ്ങി
നടന്നിരുന്നു.

പാഠാലയത്തിൽ
പോകുന്നേരം
പുസ്തകക്കെട്ട്
ചുമന്നിരുന്നു,
വല്ലാതെ ഞാനും
തളർന്നിടുമ്പോൾ,
എന്നെയും വണ്ടി
ചുമന്നിരുന്നു.

വൈകിട്ട് ചന്തയിൽ
നിന്നുമായി,
നിറച്ചാക്കുമായ് കാള
കിതച്ചിരുന്നു,
പയ്യെ നടക്കും
കാളവണ്ടി,
ഗ്രാമത്തിൽ ചാക്ക്
ഇറക്കിവച്ചു.

കൈയ്യിലെ ചാട്ട
ചുഴറ്റിക്കൊണ്ട്,
ഉടയോൻ വണ്ടി
നയിച്ചിരുന്നു,
മോട്ടോർ വണ്ടി
വന്നകാലം,
അനാഥമായി
കാളവണ്ടി.

ഗ്രാമത്തിൻ ചന്തയിൽ
ഇറച്ചിയായി
തൂങ്ങിക്കിടക്കുന്നു
കാളയിന്ന്,
മുന്തിയ ഹോട്ടലിൻ
മുന്നിലായി,
മുറ്റത്തലങ്കാരം
വണ്ടിയിന്ന്.

ഗ്രാമത്തിൻ മണമുള്ള
കാളവണ്ടി,
ഗ്രാമത്തിൻ സ്വരമുള്ള
കാളവണ്ടി,
എങ്ങോ മറഞ്ഞുപോയ്
നല്ലവണ്ടി,
ഓർമ്മയിൽ നിറമുള്ള
കാളവണ്ടി.

Dr.Manoj.M.R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി