വേഷമാറ്റം

ലോകസൃഷ്ടിക്കായ്
മാറി വേഷം,ഈശൻ, ലോകംപുലർത്താൻ
അണിഞ്ഞു വേഷം.

പാറയും മണ്ണുമായ്
ആദികാലം, പിന്നെ
പുൽക്കൊടി,പൂക്കും
വൃക്ഷമായി,

നീലജലത്തിലെ
ജീവനായി, പിന്നെ
മത്സ്യമായ് ഉരഗമായ്
കൂർമ്മമായി,

ആകാശവീഥിയിൽ
പക്ഷിയായി,
കാട്ടിൽ പിറക്കും
മനുജനായി,

ചിന്ത മനുഷ്യന്റെ
ശക്തിയായി,
തൃഷ്ണയാലിന്നവൻ
വിവശനായി,

അഹന്ത മനുഷ്യനെ
തടവിലാക്കി, അവൻ
സർവ്വം മുടിക്കും
പുത്രനായി.

മനുഷ്യന്റെ ചിന്തകൾ
കാടുകേറി,
ദൈവത്തിൻ വേഷം
ഇരുണ്ടു പോയി ,

മനസ്സിൻ കരിമ്പടം
മൂടിയാലെ,
ദൈവത്തിൻ മുഖശ്രീ
മറഞ്ഞു പോയി,

ലീലകളാടാൻ തുനിഞ്ഞ
ദൈവം,
തേടുന്നു തന്മുഖം
ലോകമെങ്ങും,

വേഷമാറ്റത്തിൻ
കെണിയിൽപ്പെട്ട്,
അലയുകയാണിന്ന്
ദൈവമെങ്ങും.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി