തൂവാല

തൂവാല.
---------------

അയയിൽ, അലസമായ്
പറക്കുന്നു തൂവാല,
ഓർമ്മക്കണ്ണാടി മിനുക്കും
തൂവെള്ളത്തൂവാല,

വിദ്യാലയത്തിൽ, എന്നും
അക്ഷരക്കൂട്ടായി,
നെഞ്ചിൽ, അമ്മമണമായ്
ജീവിക്കും തൂവാല,

ഹൃദയകമലത്തിൽ
പ്രണയം തുടുത്തപ്പോൾ,
മൊഴിയാത്ത വാക്കാലെൻ
മനസ്സ് പിടഞ്ഞപ്പോൾ,
ചെമ്പകനിറമാർന്നൊരു
സമ്മാനമായ് തൂവാല,

ക്ഷുഭിതയൗവ്വനത്തിൻ
ഉരുക്കുമുഷ്ടിക്കെന്നും,
മരിക്കാത്ത തുണയായി,
ചോരച്ചോപ്പാം തൂവാല,

ചതിയുടെ ചെളിക്കുണ്ടിൽ
ആണ്ടൊരു നാളിലെൻ
മുഖം മറയ്ക്കാൻ, അമ്പേ
കറുത്തങ്ങ് തൂവാല,

കദനക്കണ്ണീരൊപ്പാൻ
കനിവിന്റെ ഉറുമാലായ്,
തഴുകും പ്രാർത്ഥനയായ്‌
പിന്നെയെൻ തൂവാല,

മരണത്തിൻ വരനായി
ചമഞ്ഞു കിടന്നപ്പോൾ,
നെഞ്ചിൽ ശയിക്കുന്നു,
ജീവഗന്ധമായെൻ തൂവാല.

Dr.Manoj.M.R,
Consultant Paediatrics,
General Hospital,
Thiruvananthapuram.
9387836710

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി