പിതൃതർപ്പണം

ബലിതർപ്പണം.
-------------------------

എൻ ദേഹവും ഗേഹവും
കാണുന്നോരൈശ്വര്യവും,
പിതാമഹരേ, എന്നും
നിങ്ങൾതന്നനുഗ്രഹം,

ഭക്ത്യാദരവോടെ, ഞാൻ
സ്മരിക്കുന്നു നിങ്ങളെ,
കർക്കിടകവാവിന്റെ
പുണ്യശുഭദിനത്തിൽ,

നിങ്ങൾ, വിദൂരത്തിലെ
ചന്ദ്രമണ്ഡലത്തിൽ
വാഴുന്നോരല്ല, എൻ മ-
നസ്സിൽ ജീവിക്കുന്നവർ,

തിന്മ ചെയ്തീടിലത്
തിരുത്തും ബോധ്യമായി,
നന്മ ചെയ്വതിനെന്നും
കൂട്ടിനുണ്ടല്ലോ നിങ്ങൾ,

സദയം സ്വീകരിക്ക
ബലിതർപ്പണം, അന്നം,
ജലവും പ്രാർത്ഥനയും,
സംപ്രീതരാക നിങ്ങൾ,

ശ്രാദ്ധത്തിൻ സൂക്ഷ്മരേണു-
ക്കൾ പാഥേയമാകട്ടെ
മോക്ഷപാതയിലെന്നും,
തുണയായെൻ ഭക്തിയും,

പിതൃവാകുമൊരുനാൾ
ഞങ്ങളും, ജീവനായ്
പിന്നെ നിങ്ങളേവരും,
മായാജാലമീ ലോകം.

Dr.Manoj.M.R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി