ഓണപ്പൂക്കളം

ഓണപ്പൂക്കളം
..........................

വരവായല്ലോ തിരുവോണം,
തെളിഞ്ഞുവല്ലോ ആകാശം,
എങ്കിലുമെന്തേ വാനത്തിൽ
വിദ്വേഷക്കാർമേഘങ്ങൾ,

പരന്നുവല്ലോ ഓണനിലാ,
പറന്നുവല്ലോ രാപ്പാടി,
എങ്കിലുമെന്തേ ചന്ദ്രികയിൽ
കദനക്കരിനിഴൽ കാണുന്നു,

ഒഴിഞ്ഞുവല്ലോ പേമാരി,
വാർന്നുവല്ലോ മഴവെള്ളം,
എങ്കിലുമെന്തേ മനങ്ങളിൽ
ദുര്യോഗത്തിൻ കടലോർമ്മ,

ഉയർന്നുവല്ലോ പൂവിളികൾ,
കേൾക്കുന്നല്ലോ ഗാനങ്ങൾ,
എങ്കിലുമെന്തേ കാതുകളിൽ
വർഗ്ഗീയതയുടെ പദസ്വനം,

നിണം കലർന്നോ പൂവിതളിൽ,
ചോര മണത്തോ ഗന്ധത്തിൽ,
പേടി പടർത്തും വിഷമേറ്റ്
വിളറിപ്പോയോ പുഷ്പങ്ങൾ,

എങ്കിലുമുണ്ട് ഒരുക്കങ്ങൾ,
വരവായല്ലോ തിരുവോണം,
അത്തപ്പൂക്കളമില്ലാതെ
എങ്ങനെയാടും പൊന്നോണം,

നന്മ വിളങ്ങും അരളിപ്പൂ,
സ്നേഹത്തിന്റെ ജമന്തിപ്പൂ,
ഒരുമ തുടിക്കും തുമ്പപ്പൂ,
ഒരുങ്ങി ഓണപ്പൂക്കളം,

വന്നിടും വന്നിടും നല്ലകാലം,
കാത്തിരിക്കട്ടെ അല്പനേരം,
മാറും, ഋതുവും മാനസവും,
മാറും, ഹൃദയവും അതുപോലെ.

Dr.Manoj.M.R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി