മഴത്തുള്ളിയുടെ ഓണം
മഴത്തുള്ളിയുടെ ഓണം.
................................
മുകിലിന്റെ വീട്ടിലെ
കുഞ്ഞു മഴത്തുള്ളി,
അമ്മച്ചിയോടന്ന്
കെഞ്ചിയോതി,
അമ്മേയമ്മേ, എനി-
ക്കിന്നങ്ങ് കാണണം
കേരളനാട്ടിലെ
ഓണാഘോഷം,
ഊഞ്ഞാലിലാടണം,
പൂവിറുത്തീടണം,
പൂക്കളമിട്ടിട്ട്
തുള്ളിക്കളിക്കണം,
പെയ്തങ്ങിറങ്ങി
മലഞ്ചെരിവിൽ,
കുളിച്ചു വിശുദ്ധരായ്
ഓണം കാണാൻ,
പുഴയുടെ മേലേറി
യാത്രയായി, പക്ഷെ,
നിന്നങ്ങ് പോയി
തടയണയിൽ,
മഴത്തുള്ളിക്കുഞ്ഞിനെ
കാത്തുകൊള്ളാൻ,
പെയതങ്ങ് സോദരർ
പേമാരിയായ്,
തകർത്തങ്ങെറിഞ്ഞു
തടയണകൾ,
കുതിച്ചങ്ങ് പാഞ്ഞല്ലോ
നാടുകാണാൻ,
കൂട്ടുകാരെത്തേടി
കുഞ്ഞുമഴത്തുള്ളി,
ഓടിക്കേറി അവൻ
വീടുകളിൽ,
വൃക്ഷങ്ങളിലേറി
ഊഞ്ഞാലിലാടാൻ,
മുറ്റത്തലഞ്ഞവൻ
പൂക്കളം കാണാൻ,
കണ്ടില്ലയെങ്ങുമേ
ആരാമങ്ങൾ,
കണ്ടില്ലയെങ്ങും
കളിക്കളങ്ങൾ,
പ്രളയം, പ്രളയം,
കരയുന്നു നാട്ടുകാർ,
എങ്ങും വിജനത
തങ്ങി നിൽപ്പൂ,
വിങ്ങും മനസ്സുമായ്,
തിങ്ങും കരളുമായ്
കുഞ്ഞു മഴത്തുള്ളി
തേങ്ങിപ്പോയി,
അമ്മ മടിത്തട്ടിൽ
വീണ മഴത്തുള്ളി,
കണ്ണീർക്കടലിൽ
അലിഞ്ഞുപോയി.
Dr.Manoj.M.R.
Comments
Post a Comment