പ്രളയപാoങ്ങൾ

പ്രളയപാഠങ്ങൾ.
...............................

പ്രളയമെൻ നാടിനെ
ഒന്നായ് വിഴുങ്ങി,
ഗ്രാമങ്ങളോരോന്ന്
മുങ്ങിത്തുടങ്ങി,

തോടേത് നാടേത്
അറിയാതെയായി,
മലയും പുഴകളും
ഒന്നായി മാറി,

നിറയുന്നു കിണറുകൾ
വീടുകൾ ചാലുകൾ,
നാടാകെയിന്നൊരു
കായലായ് മാറി,

ഞെട്ടിയുണരുന്നു
വീട്ടുകാർ നാട്ടുകാർ,
ദൂരേക്കെറിയുന്നു
പകയും ദുരകളും,

ഇല്ല, മതങ്ങളും
ജാതിതൻ കോട്ടയും,
വർഗ്ഗക്കൊടികളും
വർണ്ണവ്യത്യാസവും,

അറിയുന്നു ജീവന്റെ
വിലയിന്ന് നാട്ടുകാർ,
വലയുന്ന ജീവനെ
രക്ഷിച്ചു കൂട്ടുകാർ,

ദുര്യോഗവേളയിൽ
പുഴയായൊഴുകുന്നു
സ്നേഹവും കരുണയും
നിസ്വാർത്ഥകർമ്മവും.

ചൂഷണം നിർത്തണം,
പ്രകൃതിയെ കാക്കണം,
നാമും പ്രപഞ്ചവും
രണ്ടല്ലയോർക്കണം,

മലകളെ കാക്കണം,
മരങ്ങളെ പുൽകണം,
നദിയൊഴുകാനൊരു
പാതയൊരുക്കണം,

കാറ്റിനെ തഴുകണം,
കടലിനെ കരുതണം,
മഴയേറെ നൽകുന്ന
മുകിലിനെ മുത്തണം,

ലോഭം ത്യജിക്കണം,
ത്യാഗം വരിക്കണം,
തൃഷ്ണയൊടുങ്ങണം,
നന്മ വിളങ്ങണം,

വേറില്ല പോംവഴി,
സ്വാർത്ഥം വെടിയണം,
നാടിനെയാകെ നാം
ഒന്നായ്ക്കരുതണം,

പാരിന്റെ നന്മയ്ക്ക്,
നാടിൻ സുഖത്തിന്,
സ്നേഹമതം പോലെ
മറ്റൊന്നുമില്ലല്ലോ,

നീണാൾ ശ്രവിക്കട്ടെ
ഒരുമതൻ ഗീതകം,
ഏറെ നാൾ വാഴട്ടെ
ഒരു നല്ല ജീവിതം,

പ്രളയപാഠങ്ങളെ
പുച്ഛിച്ചു തള്ളാതെ,
മുന്നേ ഗമിക്കട്ടെ
മലയാളമാനസം.

Dr.Manoj.M.R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി