അതിഥികൾ

അതിഥികൾ.
..........................

മാനസമെന്നു -
മതിഥി മുറി,
ചുവരൊന്നുമില്ലാ-
ത്തിരിപ്പു മുറി,

വഴിയാത്രക്കാരും
നടന്നു തളർന്നോരും
ക്ഷണിക്കാതെയങ്ങ്
വരുന്ന മുറി,

സ്വീകരിക്കയെന്റെ
നല്ല ധർമ്മം,
അതിഥികളെന്നും
വഴികാട്ടികൾ,

സൽക്കാരമേറ്റങ്ങ്
വാങ്ങിയിട്ട്,
കൂടൊന്നു കൂട്ടുവാൻ
വെമ്പും ചിലർ,

ഉള്ളിൽ വെറുപ്പ്
വരികെന്നാലും,
ഉള്ളം തുറന്നങ്ങ്
കാട്ടുകില്ല,

നീലാകാശവും
പറവകളും,
കുങ്കുമം ചാലിച്ച
സന്ധ്യകളും,

പാലൊളിച്ചന്ദ്രനും
താരകയും,
അതിഥിയായെത്തുന്നു
എൻ മനസ്സിൽ,

എന്നോ കേട്ടൊരു
പ്രണയഗീതം,
വേദം തുടിക്കുന്ന
മന്ത്രങ്ങളും,

വിരഹം പൊഴിക്കുന്ന
വേണുഗാനം,
തെന്നലായ് വീശുന്നു
മുറിയിലാകെ,

സന്തോഷവും പിന്നെ
സന്താപവും
മാറി മാറിയങ്ങ്
വന്നിടുന്നു,

മാരിവില്ലു പോലെ
വന്നുപോകും
ആഹ്ളാദമോദങ്ങൾ
ആനന്ദമായ്,

ഇനിയൊരു സങ്കടം
കണ്ണുനീരായ്
മുറിയിൽ നിറയെ
കടൽ നിറയ്ക്കും,

പ്രണയസ്മരണകൾ
സൗരഭമായ്,
തങ്ങി നിൽക്കുന്നു
അകത്തളത്തിൽ,

അധമവിചാരം
നിഴലുകളായ്
മുറിയിൽ കറുത്തോരു
നൃത്തമാടും,

നീറിപ്പുകഞ്ഞ്
തപിച്ചിടുന്നു,
നീറുന്ന ദു:ഖങ്ങൾ
നെഞ്ചടുപ്പിൽ,

കോപാന്ധച്ചൂടിൽ
പുക നിറയും,
മുറിയങ്ങ്‌ പാടേ
മറഞ്ഞുപോകും,

ഉറങ്ങുന്ന നേരത്തു-
മതിഥിമുറി,
സ്വപ്നസഞ്ചാരിയെ
സ്വീകരിക്കേ,

സ്വപ്നങ്ങൾ പൂക്കും
പല നിറത്തിൽ,
മധുരം ചുരത്തും
കനികളുമായ്,

വന്നങ്ങ് പോകുന്നു
മിക്കവരും,
തങ്ങാൻ ശ്രമിക്കുന്നു
മറ്റുചിലർ,

ഗൃഹനാഥനായി
വസിക്കുമല്ലോ,
അവബോധമെന്നൊരു
ചക്രവർത്തി,

ഏവരേയുമവൻ
നിസംഗനായ്,
വീക്ഷിച്ചു കൊണ്ടേ -
യിരുന്നിടുന്നു,

എന്റെ മനസ്സേ
കാണുന്നുള്ളൂ,
കാഴ്ചകളെല്ലാ-
മെന്നുള്ളിലാണേ,

മാനസമെന്നുമൊ-
രത്ഭുതമേ,
മനസ്സുകളെന്നു-
മതിഥി മുറി.

Dr.Manoj.M.R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി