ഹൃദയതാളം
ഹൃദയതാളം.
........................
അമ്മ തന്നുദരത്തിൽ
നീന്തിക്കളിക്കുമ്പോൾ,
അമ്മതൻ ഹൃദയത്തിൻ
താളം ശ്രവിക്കുമ്പോൾ,
വല്ലാത്തൊരാനന്ദ-
മെന്നിൽ നിറയുന്നു,
വല്ലായ്മയില്ലാതെ
താളം പിടിച്ചു ഞാൻ,
കാതോർത്തിതമ്മയു-
മെന്റെ മിടിപ്പിനായ്,
പ്രേമം ചുരത്തുന്ന
അന്തരാത്മാവിനാൽ,
ഹൃദയങ്ങളൊന്നായ്
മിടിക്കുമ്പോളല്ലയോ
ഹൃദ്യമാം പ്രണയം
തുടിക്കും സിരകളിൽ,
ഹൃദയത്തുടിപ്പിന്റെ
അവതാളമൊക്കെയും
അറിയുന്നുവല്ലോ
നമുക്കുള്ള കൂട്ടുകാർ,
ഹൃദയങ്ങളൊന്നായ്
ലയിക്കുന്ന നേരത്ത്
സന്തുഷ്ടി നിറയുന്നു
ഭവനങ്ങൾക്കുള്ളിലായ്,
ഹൃദയം കറുക്കുന്നു
രോഗവിഷാദത്തിൽ,
ഹൃദയം നിലയ്ക്കുന്നു
മരണത്തിൻ വേളയിൽ,
ഹൃദയദലങ്ങളിൽ
ഗുരു വന്നു നിറയുമ്പോൾ
ധ്യാനസമാധികൾ
താനേ വിരിയുന്നു,
ജ്ഞാനപ്രകാശം
തെളിയുന്ന വേളയിൽ
ഹൃദയം നിറഞ്ഞങ്ങൊ-
ഴുകുന്നു സ്നേഹവും.
Dr. Manoj.M.R.
Comments
Post a Comment