ഗാന്ധിജി.
ഗാന്ധിജി.
...................
നിറമൊന്നുമില്ലാത്ത
ചിത്രമായ് ഗാന്ധിജി,
പത്രത്തിൻ താളിൽ
പതിഞ്ഞിരിപ്പൂ,
എങ്കിലും ഗാന്ധിജി
നിറമുള്ള ചിരിയുമാ-
യെന്റെ മനസ്സിൽ
നിറഞ്ഞു നിൽപ്പൂ,
ഹൃദ്യനിലാവായൊ-
ഴുകുന്ന പുഞ്ചിരി,
ഓർമ്മതൻ ചെപ്പി-
ലൊളി വിതറി,
ജയന്തിക്ക് മാത്രമാ-
യോർക്കുന്നു താങ്കളെ,
രാഷ്ട്രത്തിൻ നായകാ
ഞങ്ങളിന്ന്,
മറന്നു പോയങ്ങയെ
ഞാനുമെൻ മക്കളും,
ജീവിതമുല്ലാസമാക്കും
തിരക്കിലായ്,
ഹിംസയും സ്വാർത്ഥവും
സമ്പത്ത് കൂട്ടുവാൻ,
കുത്സിതമാർഗ്ഗമായ്
തേടുന്നതിന്നു നാം,
ആരു കരഞ്ഞാലു-
മാരു നശിച്ചാലും,
വേഗത്തിൽ സമ്പത്ത്
കൂട്ടിവയ്ക്കാം,
നേരുള്ള നേതാക്ക-
ളില്ലിന്ന് നാട്ടിലായ്,
നേരും നെറിയുമില്ലെ-
ങ്ങുമിന്ന്,
കെട്ടുപോയ് നാടാകെ
അഴിമതിയാലിന്ന്,
കെട്ടിയങ്ങാടുന്നു
അക്രമങ്ങൾ,
വീണ്ടും ജനിക്കേണ-
മങ്ങ് നയിക്കേണം,
സത്യസ്വരൂപമേ,
നന്മയേറാൻ,
ഞങ്ങടെ മാനസം
മാറ്റങ്ങളുൾക്കൊള്ളാൻ
നിൻ സത്യമാർഗ്ഗം
തെളിച്ചീടണം,
സർവ്വോദയത്തിനാ-
യർപ്പിച്ച ജീവിതം,
എന്നുള്ളിലെന്നും
തെളിഞ്ഞീടണം.
Dr.Manoj.M.R.
Comments
Post a Comment