ദേവി

ദേവി.
.............

ദേവിയല്ലോ ജഗത്തിന്റെ
അന്തരാത്മാവ്,
ദേവിയല്ലോ ലോകത്തിൻ
നിയന്താവെന്നും,

ദേവിയല്ലോ ജീവന്റെ
അകമ്പൊരുള്,
ദേവിയല്ലോ വിശ്വരൂപ -
പ്പെരുക്കങ്ങളും,

ദേവിയല്ലോ പകലോന്റെ
ജ്വലിക്കും ഭാവം,
ദേവിയല്ലോ ഇരവിന്റെ
നിഗൂഢതയും,

ദേവിയല്ലോ കാലത്തിൻ
നിറഞ്ഞൊഴുക്കും,
ദേവിയല്ലോ ഋതുക്കളിൻ
നിറമൊരുക്കം,

ദേവിയല്ലോ വാനത്തിന്റെ
നീലമേലാപ്പും,
ദേവിയല്ലോ കടലിന്റെ
തിരയിളക്കങ്ങൾ,

ദേവിയല്ലോ സന്ധ്യതന്നുടെ
തുടുതുടുപ്പും,
ദേവിയല്ലോ പർവ്വതത്തിൻ
മഹിമശോഭകളും,

ദേവിയല്ലോ എന്നിലൂറും
രാഗസംഗീതം,
ദേവിയല്ലോ നല്ലവാക്കിൻ
മധുരഗീതങ്ങൾ,

ദേവിയല്ലോ ചിന്തയിലെ
നവ്യസൗരഭ്യം,
ദേവിയല്ലോ ധ്യാനത്തിൻ
ഗഹനതീരങ്ങൾ,

ദേവിയല്ലോ വിദ്യതന്നുടെ
തിരിനാളങ്ങൾ,
ദേവിയല്ലോ ജ്ഞാനത്തിൻ
ധാമഭൂമികകൾ,

ദേവിയല്ലോ ഓങ്കാര-
പ്രണവമന്ത്രം,
ദേവിയല്ലോ മോക്ഷത്തിൻ
തിരുമന്ത്രങ്ങൾ,

ദേവിയല്ലോ കൈവല്യ -
പ്രസാദതീർത്ഥം,
ദേവിയല്ലോ നിർമ്മലമാം
ആത്മനിർവൃതിയും,

ദേവിയല്ലോ എന്നുമെന്നും
സർവ്വമായിടുമെ,
ദേവിയല്ലോ എന്നുമെന്നും
സച്ചിദാനന്ദം.

Dr.Manoj.M.R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി