ഊഞ്ഞാൽ
ഊഞ്ഞാൽ.
.......................
ഒരു നേരമെന്നിലായ്
നിറയുന്നു വാത്സല്യം,
പൊൻമണിപ്പൈതലേ
നിൻമുഖം കാണവെ,
തെളിയുന്നു മിഴികളിൽ
പുഞ്ചിരിപ്പൂത്തിരി,
ഉള്ളകം തിങ്ങുന്നു
സ്നേഹത്തിരകളാൽ,
മറ്റൊരു വേളയിൽ
എരിയുന്നു മാനസം,
രൗദ്രമാം ഭാവത്തിൻ
ചുടുകനലേറ്റിട്ട്,
ചോക്കുന്നു കണ്ണുകൾ
പുകയുന്ന പകയേറ്റ്,
തുള്ളുന്നു നെഞ്ചകം
ചടുലമാം താളത്തിൽ,
ചില നേരമെന്നിൽ
തളിർക്കും പ്രണയത്തിൻ
പൂമരക്കൊമ്പിൽ
നിന്നൂറും മധുരവും,
പിന്നെ മനസ്സി-
ലഹന്ത കറുക്കുമ്പോൾ,
മുറിച്ചീടുമന്യരെ
മുനയുള്ള വാക്കിനാൽ,
അനുനിമിഷങ്ങളിൽ
മാറുന്ന ഭാവത്താൽ
ആയത്തിലാടുന്നു
ഊഞ്ഞാലായെൻ മനം,
ഊഞ്ഞാൽപ്പടിയിൽ
ഇരുന്നു കൊണ്ടങ്ങനെ,
ഭാവങ്ങളേറെ
ഭുജിക്കുന്നു മാനുഷർ.
Dr.Manoj.M.R.
Comments
Post a Comment