സരസ്വതി
സരസ്വതി.
....................
ജ്ഞാനസരസ്സായി
വാഴും സരസ്വതി,
ജ്ഞാനപ്പുഴയാ-
യൊഴുകുവെന്നിൽ,
എന്റെ മനസ്സിലെ
അജ്ഞാനബിന്ദുക്കൾ
കഴുകിക്കളഞ്ഞങ്ങ്
ശുദ്ധമാക്കൂ,
നിന്റെ കടാക്ഷത്താ-
ലെന്നുടെ ചിത്തത്തിൽ
ആനന്ദയോഗ -
ത്തിരയിളക്കൂ,
വരദായിനി, നിന്റെ
ജപമാല തന്നിലെ
നന്മയാം മുത്തുക -
ളെനിക്ക് നൽകൂ,
വീണാതന്ത്രിതൻ
സ്വരരാഗവിസ്മയം,
ഈണമായെന്നിൽ
പകർന്ന് തരൂ,
വിദ്യാപ്രബോധിനി
നിന്നുടെ വിജ്ഞാനം,
വിദ്യയായെന്നിൽ
വിളങ്ങിടട്ടെ,
വാഗേശ്വരി, നിന്റെ
അക്ഷയകാരുണ്യം,
അക്ഷരസത്യമായ്
തെളിഞ്ഞിടട്ടെ,
ആനന്ദദായിനി,
ആത്മധ്യാനത്തിന്റെ
ആനന്ദധാര
ചൊരിഞ്ഞിടു നീ,
അമ്മേ സരസ്വതി
ക്ഷിപ്രപ്രസാദിനി,
വരമരുളുക നീ
മൂകാംബികേ.
Dr.Manoj.M.R.
Comments
Post a Comment