കേരളം

കേരളം.
.................

കിഴക്കേ മലമേലേ
സൂര്യോദയം,
കേരള നാടിന്റെ
ജന്മദിനം,

പടിഞ്ഞാറ് സാഗര-
സ്സങ്കീർത്തനം,
നന്മയെ ചൊല്ലും
കിളികൂജനം,

കേരങ്ങളെല്ലാ-
മുണരുകയായ്,
പുഞ്ചിരി തൂകുന്നു
തുമ്പകളും,

നെല്ലിൻ മണമുള്ള
വയലേലയും,
ആർത്തു ചിരിക്കും
പുഴയോരവും,

പൊന്നോണനാളിലെ
പൂക്കളവും,
മേടമാസത്തിൽ
വിഷുക്കണിയും,

പടയണി, തെയ്യം,
കഥകളിയും,
ആട്ടവും തുള്ളലും
ആതിരയും,

ശാരികപ്പെണ്ണിൻ
കിളിക്കൊഞ്ചലും,
ശാരദയരുളിയ
കാവ്യങ്ങളും,

അക്ഷരമലയാള -
മമ്മയായി,
വിദ്യ വിളമ്പുന്ന
നാടാണിത്,

കളരിപ്പയറ്റും
മുറജപവും,
നവമായ രാഷ്ടീയ
ചിന്തകളും,

സംഘമാം ശക്തിയും
മുന്നേറ്റവും,
സംഗീതമൊഴുകുന്ന
മാനസവും,

വേദാന്തചിന്തയിൽ
വേരുറയ്ക്കും,
സാഹോദര്യത്തിന്റെ
സ്നേഹമതം,

പോരടിക്കാത്തൊരു
മതമൈത്രിയും,
മനുഷ്യത്വമെന്നുള്ള-
യാദർശവും,

ഹൃദയത്തിലേറ്റിയ
കേരളമെ,
കാക്കുകയെന്നും
മലയാളത്തെ,

ദൈവത്തിൻ നാടായി
പേരുകേട്ട
കേരളനാടേ
ജയിപ്പൂതാക.

Dr.Manoj.M.R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി