മണവാട്ടി
മണവാട്ടി.
...................
എത്ര നാളായി -
ക്കൊതിക്കുന്നു ഞാൻ,
സന്യാസജീവിത -
മർപ്പിക്കാനായ്,
കർത്താവിൻ മണ-
വാട്ടിയായിരിക്കാം,
സഫലമായ് തീർന്നി-
ടുമെന്റെ ജന്മം,
ഇല്ലില്ല താലി,
വിഭൂഷണങ്ങൾ,
ശുദ്ധമാം ഭക്തി-
യിതൊന്നുമാത്രം,
ആവില്ല പിരിയു-
വാനൊരു നാളിലും,
മണവാട്ടിയായി -
ത്തുണയായിടാം,
നിൻ തിരുഹൃദയ -
ത്തിൽ മുത്തമിട്ട്,
ശലഭത്തിനെപ്പോലെ
മധു നുകരാം,
നിന്നുള്ളിൽ നിറ-
യുന്ന സ്നേഹജലം,
പീഡിതർക്കായി
പകർന്നു നൽകാം,
നിൻ നാമമന്ത്ര-
മുരുവിടാനായ്,
ലോകരെയൊക്കെയും
പ്രാപ്തരാക്കാം,
ആർത്തന്റെ നെഞ്ചിലെ
കദനമൊപ്പാൻ,
കരയുന്ന മാനസം
ചേർത്തണയ്ക്കാൻ,
ഇടറുന്ന കാലിന്
താങ്ങ് നൽകാൻ,
വിറയ്ക്കും കരങ്ങളെ
ചേർത്ത് പുൽകാൻ,
കർത്താവേ നിന്നുടെ
മക്കളെല്ലാം,
എന്നുടെ മക്കളായ്
കരുതുന്നു ഞാൻ,
ലോകത്തിനെന്നെന്നു-
മമ്മയായി,
കർത്താവിൻ മണ-
വാട്ടിയായിടാമേ,
സ്വീകരിക്കെന്നെ നീ
മണവാട്ടിയായ്,
കർത്താവേ നാഥാ
ശരണമേകൂ.
Dr.Manoj.M.R.
Comments
Post a Comment