തീവണ്ടി

തീവണ്ടി.
................
മുന്നോട്ട് പായുന്നു
തീവണ്ടി,
മുന്നേ പറക്കും
മനസ്സുപോലെ,

താളത്തിലങ്ങനെ -
യാടിയാടി,
ഘോഷത്തിലങ്ങനെ
പാടിപ്പാടി,

അമ്മ വയറ്റിലെ
കുഞ്ഞിനെപ്പോൽ
തീവണ്ടിക്കുള്ളിലായ്‌
ഞാനിരുന്നു,

ജീവന്റെ തീവണ്ടി
പായുന്നുണ്ടേ,
യുഗാന്തരങ്ങളെ
പിന്നിലാക്കി,

പൂർവ്വജന്മങ്ങളും
വാസനയും
പിന്നാലെ പിന്നാലെ
പേറിക്കൊണ്ട്,

നീലക്കടലിലെ
തുള്ളി ജീവൻ,
മരുഭൂമി തന്നിലെ
കള്ളിമുള്ളായ്,

സർപ്പവനിയിലെ
നാഗരായി,
ഇരുണ്ട വനത്തിലെ
വേഴാമ്പലായ്,

നായായി, നരിയായി
വാനരനായ്,
പിന്നെയോ ചിന്തിക്കും
മനുജനായി,

ആരോ തൊടുത്തോ -
രമ്പുപോലെ,
പായുന്നു ജീവിത -
ത്തീവണ്ടി,

മോക്ഷപ്രദീപത്തെ
തേടിത്തേടി,
പായുന്നു ജീവന്റെ
തീവണ്ടി.

Dr.Manoj. M.R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി