തമ്പുരാൻ
തമ്പുരാൻ.
....................
ലോകത്തെ കാക്കുന്ന
തമ്പുരാനേ,
തേടുന്നു നിന്നെ ഞാൻ
ലോകമെങ്ങും,
മണ്ണിലും വിണ്ണിലും
നിറയുവോനെ,
തെളിയുകയെന്നിൽ
നീ നല്ലവണ്ണം,
തേടിയലഞ്ഞു ഞാൻ
വ്യർത്ഥനായി,
കണ്ടില്ല നിൻരൂപ -
മെങ്ങുമെങ്ങും,
കാണുന്നു വേറിട്ട
കാഴ്ചയിന്ന്,
മനസ്സിൽ തെളിയുന്നു
നിൻ പ്രഭാവം,
കുഞ്ഞിനെയൂട്ടുന്ന
അമ്മമാരിൽ,
വാത്സല്യം നീ തന്നെ
തമ്പുരാനേ,
പൂങ്കുയിൽക്കുഞ്ഞിനെ
പോറ്റും കാക്ക,
കരുതലും നീ തന്നെ
തമ്പുരാനേ,
മക്കൾക്ക് താങ്ങാകും
അച്ഛനുണ്ടേ,
ആ തണലും നീ തന്നെ
തമ്പുരാനേ,
സുന്ദരസൂനമാം
താമരയിൽ,
ചാരുത നീ തന്നെ
തമ്പുരാനേ,
സൂര്യനെ സ്നേഹിക്കും
സൂര്യകാന്തി,
പ്രണയവും നീ തന്നെ
തമ്പുരാനേ,
കാന്തി തുളുമ്പുന്ന
കാവ്യത്തിലെ,
മാധുര്യം നീ തന്നെ
തമ്പുരാനേ,
വെയിലിൽ, മഴയിൽ,
ഇളംതെന്നലിൽ,
നിഷ്കാമകർമ്മം നീ
തമ്പുരാനേ,
ദീനരെ സേവിക്കും
കർമ്മശുദ്ധി,
ആർദ്രത നീ തന്നെ
തമ്പുരാനേ,
സായൂജ്യമേകും
വിശുദ്ധഭക്തി,
ആനന്ദം നീ തന്നെ
തമ്പുരാനേ,
ധ്യാനകൃപയാകും
സദ്ഗുരുവിൽ,
അദ്വൈതബോധം നീ
തമ്പുരാനേ,
ലോകം നിറഞ്ഞ് നീ
തമ്പുരാനേ,
നീ മാത്രമേയുള്ളു
തമ്പുരാനേ.
Dr.Manoj.M.R.
Comments
Post a Comment