വിലാപം
വിലാപം.
.................
കണ്മഷി പോലെ
കറുത്തുവല്ലോ,
കരിവാളിച്ചല്ലോ -
യെൻ കൺതടങ്ങൾ,
വെയിലേറ്റ് വാടി -
ത്തളർന്നുവല്ലോ,
മുഖവും കരങ്ങളും
മാനസവും,
കാളകളില്ലിന്ന്
നിലമുഴുവാൻ,
തത്തകളില്ലിന്ന്
പാട്ടു പാടാൻ,
മീനും തവളയു-
മെങ്ങോ പോയി,
ജലമില്ലാതെങ്ങനെ
വാഴുമവർ,
വിണ്ട് വരണ്ടുപോയ്
നെൽപ്പാടങ്ങൾ,
എൻ സ്വേദനമേകീടാം
ദാഹമാറ്റാൻ,
മാനത്ത് കോളില്ല
കാറുമില്ല,
മഴയില്ലാതെങ്ങനെ
വിത്തിറക്കും,
ചുറ്റിലും പാടം
നികത്തി നിങ്ങൾ
കൊട്ടാരമേറെ
പണിഞ്ഞുവല്ലോ,
മണ്ണ് മരിച്ചത-
റിയുന്നുണ്ടോ,
ജീവചൈതന്യം
മറഞ്ഞുവല്ലോ,
രാജഗൃഹത്തിലു-
മുണ്ണുവാനായ്,
നെല്ലരി വേണ്ടയോ,
എന്നുമെന്നും,
അന്നജമുണ്ണുമ്പോൾ
ഓർപ്പതുണ്ടോ,
അദ്ധ്വാനശീലരാം
കർഷകരെ,
ആരോ കിളിർപ്പിച്ച
അരിമണികൾ,
തിന്നുമ്പോളോർക്കുക
പാവങ്ങളെ,
കാർഷികവേല
തുടരുന്നു ഞാൻ,
കടമേറിയേറെ
വലഞ്ഞെന്നാലും,
അന്നമൊരുക്കുന്ന
ജന്മമല്ലേ,
അന്നമൊരുക്കയെൻ
കർമ്മമല്ലേ,
കർമ്മമനുഷ്ഠിക്ക
ധർമ്മമല്ലേ,
ധർമ്മമനുഷ്ഠിക്ക
പുണ്യമല്ലേ.
Dr.Manoj.M.R.
Comments
Post a Comment