കവിത
കവിത.
...............
കീറക്കടലാസ്സി -
ലാരോ കുറിച്ചിട്ട
വരികളിലെന്മനം
തങ്ങി നില്പൂ ,
മെല്ലെ വിടർത്തിയ
കടലാസ്സിനുള്ളി -
ലായക്ഷരം നന്നേ
തെളിഞ്ഞു വന്നൂ,
വാക്കുകൾക്കുള്ളിൽ
മറഞ്ഞങ്ങിരിക്കുന്ന
കാവ്യത്തിൻ മാധുര്യം
ഞാനറിഞ്ഞു,
വിങ്ങലായ് തങ്ങി -
യെൻ നെഞ്ചകത്തിൽ,
കവിഹൃദയത്തിന്റെ
തേങ്ങലുകൾ,
മാറ്റൊലി കൊണ്ടെന്റെ
മാറിടത്തിൽ,
ആത്മരോഷത്തിന്റെ
ഗർജ്ജനങ്ങൾ,
സംഗീതമായെന്റെ
മാനസത്തിൽ,
പ്രണയത്തിൻ ഭാസുര-
സ്പന്ദനങ്ങൾ,
തുള്ളിത്തുളുമ്പിയെൻ
നയനങ്ങളിൽ,
വിരഹത്തിൻ വേദന
കണ്ണുനീരായ്,
എന്നുടെ ഹൃദയം
സജലമാക്കി,
ഭാവങ്ങളോരോരോ
പുഴകളായി,
രചയിതാവാരെ-
ന്നറിയില്ലല്ലോ,
കവിത തുളുമ്പുന്ന
ഈരടികൾ,
ജനിക്കുന്നുവെത്രയോ
കാവ്യസൂനം,
കാവ്യാംഗനേ നിൻ
തൂലികയിൽ,
വായനയില്ലാതെ
പോകുന്നുവോ,
ആരാലും കാണാത്ത
പൂവുപോലെ.
Dr.Manoj.M.R.
Comments
Post a Comment