ഒടിയൻ

ഒടിയൻ.
................

ആഭിചാരത്തിന്റെ
മന്ത്രമുരുവിട്ട്
പഞ്ചഭൂതങ്ങളെ
പാട്ടിലാക്കി,

അന്ധതമസ്സിൻ
നിഗൂഢതയിൽ,
തന്ത്രമൊരുക്കി
വിരാജിക്കുന്നു,

അടിമത്തച്ചങ്ങല-
യണിമുറിയ്ക്കാൻ,
ഒടിവിദ്യക്കാരനാം
മന്ത്രവാദി,

മാറും പ്രപഞ്ചവു-
മൊടിയനായി,
ചൂഷണമേറെ
സഹിച്ചിടുമ്പോൾ,

മാനത്ത് പാറുന്ന
മേഘങ്ങളേ,
ക്ഷുദ്രപ്രയോഗം
പഠിച്ചവരോ,

രൂപങ്ങളേറെ -
യെടുത്തിടുന്നു,
ഒടിയനെപ്പോലെയീ
മേഘക്കൂട്ടം,

കൂർത്ത പകയുടെ
കൊമ്പുമായി,
പോത്തിനെപ്പോലെ-
യവതരിച്ചു,

മഴവില്ലാം പീലി
വിടർത്തിയാടും,
മാന്ത്രികമയിലായി -
ത്തീർന്നുവോ നീ,

സ്വർണ്ണവെയിലിന്റെ
ചുംബനത്താൽ,
മാൻപേടയായി -
ത്തിളങ്ങുന്നുവോ,

രാക്ഷസനായി
വമിച്ചോരഗ്നി,
കാട്ടുതീയായി -
പ്പടരുന്നുവോ,

തുമ്പിക്കൈവണ്ണത്തിൽ
പെയ്തിറങ്ങി,
പ്രളയത്തിൻ മായ
നീ കാട്ടുന്നുവോ,

പേടിപ്പെടുത്തുന്ന
കാഴ്ച കണ്ട്,
ഭൂതലം പൊട്ടി
വിറയ്ക്കുന്നുവോ,

നീതിയും ന്യായവും
വാഴാനായി,
ഒടിയരൂപങ്ങൾ
പുലർന്നീടുന്നു.

Dr.Manoj.M.R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി