വേണുഗാനം

വേണുഗാനം.
........................

ധന്യതയാർന്നു -
വിന്നെന്റെ ജന്മം,
കാർമുകിൽവർണ്ണാ
നിൻ സാമീപ്യത്താൽ,

മുരളികയായി
പുനർജ്ജനിച്ചു,
നിൻ വിരൽത്തുമ്പിന്റെ
സ്പർശനത്താൽ,

ഗാനം പൊഴിക്കുന്ന
വേണുവായി,
പവിഴാധരത്തിന്റെ
ചുംബനത്താൽ,

പാഴ്മുളം തണ്ടിൽ
ശ്രുതി നിറഞ്ഞു,
സപ്തസ്വരങ്ങൾ
തപസ്സിരുന്നു,

നിന്നുടെ നിശ്വാസ-
ധാരയെന്നിൽ,
സാന്ദ്രമാം രാഗങ്ങൾ
നെയ്തെടുത്തു,

യദുകുലരാധികേ
തേടി നിന്നെ,
മോഹനഗാനം
നിലാവ് പോലെ,

എല്ലാം മറന്ന്
ലയിച്ചുപോയി,
ആ രാഗവീചിയിൽ
ലോകമാകെ,

കീർത്തിമാനായല്ലോ
ഞാനുമിന്ന്,
നിൻ മുടിക്കെട്ടിലെ
പീലി പോലെ,

ഗോവിന്ദാ നിന്റെ -
യനുഗ്രഹത്താൽ,
സായൂജ്യമാർന്നു -
വിന്നെന്റെ ജന്മം.

Dr.Manoj.M.R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി