അവാർഡ്

അവാർഡ്.
.....................

കുത്തിക്കുറിച്ചിട്ട
തോന്ന്യാക്ഷരങ്ങൾക്ക്
ചേലുള്ളവാർഡി-
ന്നെനിക്കും കിട്ടി,

പേരും സ്തുതിയും
പണവുമല്ല,
നെഞ്ച് കുളിർപ്പിക്കും
വാത്സല്യമെ,

കൂട്ടുകാർ നൽകും
പുരസ്കാരത്തെ,
ആദരവോടെ ഞാൻ
സ്വീകരിപ്പൂ,

മാനിച്ചുവെന്നും
നൽസ്സാഹിത്യത്തെ,
കാംക്ഷിച്ചു
അക്ഷരത്താളുകളെ,

പേരുള്ള കാവ്യങ്ങൾ
വായിക്കവെ,
സാഹിത്യവാസന-
യങ്കുരിച്ചു,

അക്ഷരപ്പൂക്കളെ
കോർത്തിണക്കി,
കവിത കുറിക്കാ -
നഭിലഷിച്ചു,

ഹൃദ്യമായുള്ളിൽ
നിറഞ്ഞ രാഗം,
ഗാനമായ് പാടുവാ-
നാഗ്രഹിച്ചു,

രാവിന്റെ മാറിൽ
വിഷണ്ണനായി,
വാക്കുകൾക്കായി
തപസ്സിരുന്നു,

സ്വപ്നലോകത്തി-
ലുണർന്നിരുന്നു,
മായികക്കാഴ്ചകൾ
സ്വന്തമാക്കാൻ,

നല്ല മൊഴികൾ
ചമച്ചീടുവാൻ,
അനുഭവം തേടി
നടന്നു ഞാനും,

സാഗരഗീതം
ശ്രവിച്ചുകൊണ്ട്,
പാട്ടുകൾ പാടി -
പ്പരിചയിച്ചു,

ചാറ്റൽ മഴയിലും
നൃത്തമാടി,
മൊഴികളിൽ താളം
ചമച്ചു നോക്കി,

മലരണിക്കാടുകൾ
താണ്ടി നീളെ,
പൂന്തേൻ കണത്തിൻ
രുചിയറിഞ്ഞു,

മഞ്ഞുമലകളും
കുന്നുകളും,
ധ്യാനാനുഭൂതി
പകർന്ന് നൽകി,

എങ്കിലുമെന്നും
കുറിച്ച ഭാഷ,
പൂക്കാത്ത മുല്ലപോൽ
വ്യർത്ഥമായി,

സുഗന്ധത്തിനായി
കൊതിച്ച ഭാഷ,
വിരിയാത്ത മൊട്ടായി
വീണുപോയി,

പൂമരമാകാൻ
നിനച്ച കാവ്യം,
കള്ളിച്ചെടിപോൽ
കിളിർത്ത് പൊങ്ങി,

എങ്കിലും മോഹങ്ങൾ
തീർന്നതില്ല,
കവിത രചിക്കുവാ-
നെന്നുമാശ,

അക്ഷരദീപം
തെളിച്ചിടട്ടെ,
ഞാനുമീ തുച്ഛമാം
മൺവിളക്കിൽ,

അക്ഷരവീഥിയി-
ലങ്ങുമിങ്ങും,
ഇത്തിരിവെട്ടം
ചൊരിഞ്ഞിടട്ടെ,

കൂട്ടരെ, വീണ്ടു-
മനുഗ്രഹങ്ങൾ,
നിർലോഭമെന്നിൽ
ചൊരിയേണമേ.

Dr.Manoj.M.R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി