പൊങ്കാലനിവേദ്യം
പൊങ്കാലനിവേദ്യം.
................................
ആറ്റുകാലമ്മേ
നിൻ സന്നിധിയിൽ,
ഭക്തന്മാർ തിങ്ങി
നിറഞ്ഞു നിൽപ്പൂ,
ദർശനപുണ്യം
ലഭിച്ചീടുവാൻ,
ആർത്തനാം ഞാനി-
ന്ന് കാത്തുനിൽപ്പൂ,
ആറ്റുകാൽ വാഴുന്ന
മൂർത്തി രൂപം,
എന്നും മനസ്സിൽ
വിളങ്ങി നിൽപ്പൂ,
ആദിപരാശക്തി
ജ്ഞാനാംബികേ,
മുപ്പാരിലെങ്ങും
നിൻ രൂപമല്ലേ,
സർവ്വരും ദു:ഖ -
നിവൃത്തിക്കായി,
പരിദേവനത്തിന്റെ
കെട്ടഴിപ്പൂ,
ആരവമെങ്ങു-
മലയടിപ്പൂ,
ശരണംവിളികളും
കീർത്തനവും,
അഗതിയാമെന്നുടെ
തേങ്ങലുകൾ, ഈ
ശബ്ദഘോഷം
മറച്ചിടുമോ,
സർവ്വരും നിന്നെ -
പ്പുകഴ്ത്തിടുമ്പോൾ,
ഏഴയാമെന്നെ
മറന്നിടുമോ,
ദാരിദ്ര്യദുഃഖം
തിളച്ചിടുന്നു,
തള്ളിനീക്കുന്നു ഞാൻ
ദുർദ്ദിനങ്ങൾ,
ദു:ഖശ്ശമനം
കൊതിപ്പൂ ഞാനും,
കാരുണ്യമെന്നിൽ
ചൊരിയേണമേ.
കൈകളിലില്ലല്ലോ
മൺകലവും,
പൊങ്കാല കൂട്ടു -
മൊരുക്കങ്ങളും,
നേരുന്നു പൊങ്കാല
മാനസത്തിൽ,
അന്നപൂർണ്ണേശ്വരി
സ്വീകരിക്കൂ,
അഗ്നിയാൽ വേവുന്നു -
വന്തരംഗം,
ദു:ഖങ്ങളൂട്ടും
തപത്തിനാലേ,
വാസനാകർമ്മങ്ങൾ
വെന്തിടുന്നു,
കണ്ണുനീരാവിയായ്
വറ്റിടുന്നു,
ഗർവ്വമതൊക്കെയും
ഭസ്മമായി,
ഓങ്കാരനാദ-
മലയടിപ്പൂ,
ഭക്തിമധുരം
നിറഞ്ഞിടുന്നു,
ആനന്ദപ്പായസം
തൂവിടുന്നു,
സായൂജ്യമെന്നിൽ
തുളുമ്പിടുന്നു,
അമ്മേ നിന്നുടെ
സാമീപ്യവും,
പൊങ്കാലനേദ്യം
വിളമ്പട്ടയോ,
എന്നാത്മഭാവം
വിളമ്പട്ടയോ,
സ്വീകരിക്കൂ, അമ്മേ
സ്വീകരിക്കൂ,
അഗതിയാം ഭക്തന്റെ
ആത്മയാഗം.
Dr.Manoj.M.R.
Comments
Post a Comment