കൃഷ്ണനാട്ടം
കൃഷ്ണനാട്ടം.
.........................
കാർമുകിൽവർണ്ണാ
കൃഷ്ണനുണ്ണീ,
എന്നുള്ളിലെന്തേ
മറഞ്ഞ് നിൽപ്പൂ,
മുകിലിൻ പിറകിലെ-
യമ്പിളിപോൽ,
ഓമൽത്തിരുമുഖം
കാണ്മതില്ല,
നിന്നെക്കുറിച്ചുള്ള
ചിന്തനങ്ങൾ,
ഹൃദയത്തെയെന്നും
മഥിച്ചിരിപ്പൂ,
നിൻ ദിവ്യരൂപം
കാൺമതിനായ്,
എത്രയോ നാളായ്
കൊതിച്ചിരിപ്പൂ,
യമുന പോലൊഴുകുമെൻ
മാനസത്തിൽ,
നീന്തിത്തുടിക്കാൻ
വരാത്തതെന്തേ,
രാധയോടൊത്ത്
രമിക്കുമ്പോലെ,
എന്നകതാരിലും
നൃത്തമാടൂ,
എൻ പഴത്തോപ്പിലെ
ഞാറമരം,
നിനക്കായ് മധുരം
കരുതി വയ്പ്പൂ,
നിന്നുടെ പുടവയിൽ
മഞ്ഞ ചാർത്താൻ,
കൊന്നപ്പൂക്കളു-
മൊരുങ്ങി നിൽപ്പൂ,
നിൻ തിരുമുടിയിലെ
പീലിക്കണ്ണ്,
അകതാരിൽ മിന്നി
മറഞ്ഞപോലെ,
കുസൃതിച്ചിരിയുടെ
വളകിലുക്കം,
തൊട്ടടുത്തെങ്ങോ
ശ്രവിച്ചപോലെ,
നിന്റെ മനോജ്ഞമാം
കളഭഗന്ധം,
കുഞ്ഞിളം തെന്നലായ്
വീശുമ്പോലെ,
നിൻ വേണുഗാനത്തിൻ
ഹൃദ്യരാഗം,
അകലെയാകാശത്തി-
ലുയരുമ്പോലെ,
നിൻ കടക്കണ്ണിലെ
കള്ളനോട്ടം,
എന്തേ തെളിഞ്ഞങ്ങ്
കാൺമതില്ല,
എന്നഹങ്കാരത്തിൻ
കാളസർപ്പം,
പത്തികൾ നീർത്തി
നിൽക്കയാലോ,
മോഹവിഷം ചീറ്റും
ഫണങ്ങളാലെൻ,
മോഹനചിത്തം
മറഞ്ഞുപോയോ,
എന്നകക്കണ്ണ്
തുടിപ്പതുണ്ട്,
നിന്നെ കാണുമെ-
ന്നാശയാലേ,
കാർമുകിൽവർണ്ണാ
കൃഷ്ണനുണ്ണീ,
എങ്കിലുമെന്തേ
മറഞ്ഞ് നിൽപ്പൂ.
Dr.Manoj.M.R.
Comments
Post a Comment