നിനവുകൾ
നിനവുകൾ.
.....................
ഹൃദ്യമായ് കോറിയ
സ്നേഹാക്ഷരങ്ങൾ,
മായാതെ മറയാതെ
ഉള്ളിലുണ്ടോ, പ്രിയേ,
പുലർകാലവേളയിൽ
മഞ്ഞുകണം പോലെ,
കാലം പൊഴിയവെ
മാഞ്ഞുപോയോ,
ദു:ഖയാഥാർത്ഥ്യങ്ങൾ
കരിമ്പടം പോലവെ,
ഹൃദയദലങ്ങളെ
മറച്ചു വച്ചോ,
ധന്യമാം ഏകാന്ത -
നിമിഷത്തിലിന്നുമാ
ഓർമ്മമലരുകൾ
വിടരുകയായ്,
പ്രണയം തുളുമ്പിയ
മന്ത്രണങ്ങൾ,
കുടമുല്ല പോലുള്ള
ചുംബനങ്ങൾ,
ഒന്നിച്ചു കണ്ടോരു
കനവുകളിൽ,
ഗന്ധർവ്വപ്പാലകൾ
പൂത്തുലഞ്ഞു,
ഒന്നിച്ചു പാടിയ
ഗാനങ്ങളിൽ,
പ്രേമമധുരം
നിറഞ്ഞു നിന്നു,
ഓർത്ത് കൊതിക്കുവാൻ
എന്നുമീ നിനവുകൾ,
അകതാരിലെന്നും
ഒളിച്ചുവയ്ക്കാം.
Dr.Manoj.M.R.
Comments
Post a Comment