സീതയെത്തേടി

സീതയെത്തേടി.
.............................

കണ്ടുവോയെന്നുടെ
പ്രിയതമ സീതയെ,
ശ്രീരാമചന്ദ്രന്റെ
വൈദേഹിയെ,

തേടിയലഞ്ഞു ഞാൻ
കാനനസീമയിൽ,
കാണുവതില്ലല്ലോ
ജാനകിയെ,

തീവ്രദു:ഖത്താൽ
തപിക്കുന്നു ഞാൻ,
കത്തുന്നു നെഞ്ചകം
കനലുപോലെ,

ഇന്നലെക്കൂടെയീ
മൺകുടിൽമുറ്റത്ത്
ശ്രീരാമനാമം
ജപിച്ചോളല്ലേ,

എങ്ങോട്ടുപോയി നീ-
യെന്നെയുപേക്ഷിച്ച്,
മൈഥിലീ, നിന്നെ
ഞാൻ നോവിച്ചുവോ,

രാമനെ പൂജിക്കാൻ,
അർച്ചന ചെയ്യുവാൻ,
ചെമ്പകപ്പൂക്കൾ
തിരഞ്ഞുപോയോ,

മാൻപേടക്കുഞ്ഞിന്റെ
അമ്മയെത്തേടി നീ
ദണ്ഡകാരണ്യത്തിൽ
അലയുകയോ,

പൂങ്കുയിൽപ്പെണ്ണിന്റെ
മാരനെ കാണുവാൻ
അവളോടൊത്ത് നീ
കൂട്ടുപോയോ,

കാട്ടിലെ മാനുഷർ
ഉത്സവവേളയിൽ,
ദേവിയായ് നിന്നെയും
കൊണ്ടുപോയോ,

പെരുമ്പറ മുഴക്കുമെൻ
ഹൃദയമിടിപ്പുകൾ,
എവിടെയാണെങ്കിലും
കേൾക്കുമോ നീ,

ഈ നീലരാവിന്റെ
കൂരിരുട്ടിൽ, എൻ
കരളിലെ തീജ്ജ്വാല
കാണുമോ നീ,

കാടുറങ്ങുമ്പോഴും
കാട്ടാറുപോലെയെൻ
മാനസം വ്യഥയാൽ
പതഞ്ഞൊഴുകൂ.

Dr.Manoj.M.R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി