കാക്കകൾ
കാക്കകൾ.
.......................
കാണുവാനില്ലല്ലോ
കാക്കകളെ,
എങ്ങു മറഞ്ഞുപോ-
യീ പക്ഷികൾ,
നാട്ടിൻപുറത്തുള്ള
മുറ്റങ്ങളിൽ,
എന്നും പറന്നു
നടന്നോരല്ലേ,
തൊടിയിലിറങ്ങുന്ന
വേളയിലോ,
കാക്കയെ കാണാത്ത
നേരമുണ്ടോ,
എങ്ങു പോയെങ്ങുപോ-
യീ കാക്കകൾ,
കാണാമറയത്ത്
പോയ്മറഞ്ഞോ,
ഒക്കത്തിരുന്നോരു
കുഞ്ഞുങ്ങളെ,
കാക്കയെക്കാട്ടി
നാം അന്നമൂട്ടി,
ബാല്യത്തിൽ ചിത്രം
രചിച്ച നേരം,
ആദ്യം വരച്ചോരു
പക്ഷിയല്ലേ,
വാഴതൻ കൈമേൽ
ചരിഞ്ഞിരുന്ന്,
കാക്ക, വിരുന്നിന്റെ
പാട്ടുപാടി,
കപ്പയ്ക്കും നെല്ലിനും
കാവലായി,
കാക്കയടിയ്ക്കാ-
നിരുന്നു നാമും,
തന്ത്രം മെനഞ്ഞോരു
കാക്കകളെ,
ഓടിക്കാനെത്ര നാം
പാടുപെട്ടു,
കാക്കകളൊന്നിനെ
തൊട്ടുപോയാൽ,
സംഘടിച്ചന്നവ
കൊത്തിയാട്ടി.
പൂങ്കുയിൽക്കുഞ്ഞിനു-
മമ്മയായി,
എന്നും വിളമ്പിയാ
സ്‌നേഹാമൃതം,
മധുരക്കനികളും
മാലിന്യവും,
സംഗമില്ലാതവർ
തിന്നുവല്ലോ,
കാക്കക്കറുപ്പിന്റെ
ശോഭയോടെ,
നന്മകളെന്നെന്നും
കർമ്മമാക്കി,
പാഠങ്ങളെത്ര
പകർന്നുതന്നു,
ആചാര്യതുല്യരാ-
യീ പക്ഷികൾ,
എങ്ങുപോയെങ്ങുപോ-
യീ പക്ഷികൾ,
കാണുവാനില്ലല്ലോ
നാട്ടിലെങ്ങും,
ശ്രാദ്ധദിനത്തിലെ
അന്നരസം,
ആരിനി സ്‌നേഹത്താൽ
സ്വീകരിക്കും,
വിഷമുള്ള വെള്ളം
കുടിക്കയാലേ,
ജീവൻ കളഞ്ഞുവോ
നിങ്ങളെല്ലാം,
കോൺക്രീറ്റ് കാടുകൾ
കണ്ട് കണ്ട്,
വേറേതോ നാട്ടിലായ്
കൂടുവച്ചോ,
മർത്ത്യന്റെ സ്വാർത്ഥത
കണ്ടറിഞ്ഞ്,
പരലോകത്തേക്ക്
പറന്നുപോയോ,
ചിറക് മലർത്തി-
പ്പറന്നകന്ന്,
പാതാളദേശത്തി-
ലാണ്ടുപോയോ,
എങ്ങോ മറഞ്ഞോരു
കാക്കകളേ,
നന്മ വിളമ്പുവാൻ
നാടണയൂ,
നാടിന്റെ ചിത്രം
തെളിഞ്ഞുകാണാൻ,
നിങ്ങളും ചേരുക
സോദരരേ.
Dr.Manoj.M.R.
Comments
Post a Comment