വർണ്ണമാല്യം

വർണ്ണമാല്യം.
........................

കണ്ണാടിയിന്ന് ഞാൻ
നോക്കിനിൽക്കെ,
കണ്ടു ഞാൻ നല്ലൊരു
വർണ്ണമാല്യം,

കാന്തിയെഴുന്നോരു
കണ്ഠമാല,
എൻ നെഞ്ചകത്തോളം
തിളങ്ങി നിൽപ്പൂ,

മിന്നുന്ന നക്ഷത്ര -
മാല പോലെ,
വെട്ടിത്തിളങ്ങു-
മനുഭൂതികൾ,

മാമകഹൃത്തിന്റെ
ചൂടിനാലേ,
അനുഭവരേണുക്കൾ
നീറ്റി നീറ്റി,

നിറമുള്ള രത്നമായ്
മാറ്റുകൂട്ടി,
ഓർമ്മതൻ ചെപ്പിൽ
നിറച്ചുവച്ചു,

അഹമെന്ന നൂലിലായ്
കോർത്തിണക്കി,
അനുഭൂതിമാല
ചമച്ചു ഞാനും,

മാണിക്യക്കല്ലായ്
ജ്വലിച്ചു നിന്നു,
ജീവന്റെയുന്മാദ -
പ്രാണസ്പന്ദം,

മുറിവേറ്റ ഹൃത്തിന്റെ
വേദനകൾ,
ചോപ്പ് നിറമാർന്ന്
പവിഴമായി,

പ്രണയക്കിനാക്കൾ
തളിരണിഞ്ഞ്,
മരതകപ്പച്ചയാം
രത്നമായി,

സ്നേഹത്തിൻ നീലിമ
വീണുറഞ്ഞ്,
ഇന്ദ്രനീലത്തിൻ
നിറം കടുത്തു,

സ്വപ്നഭംഗത്തിന്റെ
കയ്പ്പുനീര്,
പുഷ്യരാഗത്തിൻ
നിറമണിഞ്ഞു,

ആത്മാവിൻ നൈർമ്മല്യം
ഭക്തിയായി,
വജ്രത്തിൻ ശോഭ
പരത്തിയെങ്ങും,

കണ്ണാടിയിന്ന് ഞാൻ
നോക്കിനിൽക്കെ,
കണ്ടു ഞാൻ നല്ലൊരു
വർണ്ണമാല്യം.

Dr.Manoj.M.R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി