വിഷു

വിഷുക്കണി.
.........................

കണിയൊന്ന് കാണുവാൻ
മോഹിച്ചു നിൽക്കവെ,
കൃഷ്ണാവബോധം
നിറഞ്ഞുവെന്നിൽ,

എന്നെ മറന്നു ഞാൻ
ധ്യാനിച്ചു നിൽക്കവെ,
കൃഷ്ണസ്വരൂപം
തെളിഞ്ഞുവെന്നിൽ,

എള്ളെണ്ണ മണമുള്ള
ദീപപ്രഭയിൽ, ഞാൻ
മായാവിനോദനെ
കണ്ടുവല്ലോ,

കൊന്നമരപ്പൂവിൻ
ചേലയണിഞ്ഞു നീ,
കൃഷ്ണമനോഹരാ
പുഞ്ചിരിപ്പൂ,

പവിഴാധരത്തിലെ
മാന്ത്രികസുസ്മിതം,
എന്റെയഴലുകൾ
കളഭമാക്കി,

നിൻ മുഖകാന്തിയെൻ
മാനസമുകുരത്തിൽ,
ആദിത്യനെപ്പോൽ
പ്രഭ ചൊരിഞ്ഞു,

നിൻ കടക്കണ്ണിലെ
കുട്ടിക്കുറുമ്പുകൾ,
ഉന്മാദഹർഷം
പടർത്തിയെന്നിൽ,

വാർമുടിക്കെട്ടിലെ
പീലികളൊക്കെയും,
മിഴികൾ തുറന്നെന്നെ
വീക്ഷിക്കയോ,

ഹരിമുരളീരവം
മാമകചിത്തത്തിൽ,
ആനന്ദവർഷമായ്
പെയ്തിറങ്ങി,

കണിവെള്ളരികളും
മാമ്പഴക്കുലകളും
നീയെനിക്കേകിയ
കൈനീട്ടമോ,

ഈ വിഷുപ്പുലരിയിൽ
നിൻ നിറസ്സാന്നിധ്യം,
തുച്ഛമെൻ ജീവിതം
ധന്യമാക്കി,

നിന്നെ ഭജിക്കുവാൻ,
കീർത്തനം പാടുവാൻ,
എന്നുടെ ഹൃത്തടം
വെമ്പി നിൽപ്പൂ,

പുഷ്പസമൃദ്ധമാം
കർണ്ണികാരം പോലെ,
കവിതയെന്നുള്ളിൽ
തളിർത്തുവല്ലോ.

Dr.Manoj.M.R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി