വേനൽപ്പൂക്കൾ
വേനൽപ്പൂക്കൾ.
.............................
വേനൽക്കനലേ -
റ്റെരിയുമ്പോഴും,
സുന്ദരിയായി
ചമഞ്ഞു ഭൂമി,
മാധവമാസ -
മണഞ്ഞുവല്ലോ,
ഭാസുരലോകം
വിരിഞ്ഞുവല്ലോ,
നൃത്തങ്ങളാടുന്നു
മേഘവൃന്ദം,
നീലവിഹായസ്സിൻ
മണ്ഡപത്തിൽ,
ആഴത്തിൽ നീരൂറ്റും
മാമരങ്ങൾ,
കെട്ടുന്നു പച്ചില -
ക്കൂടാരങ്ങൾ,
ഉന്മത്തരായങ്ങ്
പൂവണിഞ്ഞു,
സൂര്യാംശു മോന്തിയ
വൃക്ഷങ്ങളും,
അരുണനിറത്തിൽ
പുടവ ചുറ്റി,
പ്രണയവിവശയാം
വാകമരം,
പൊന്നിൻ കുണുക്കിട്ട
കർണ്ണികാരം,
നാണിച്ചു നിൽക്കുന്നു
നാട്ടിലെങ്ങും,
ചഞ്ചലചിത്തയാം
ശംഖുപുഷ്പം,
മിഴികളിൽ ചാപ -
ല്യമോടെ നിന്നു,
സന്ധ്യാംബരത്തിന്റെ
വർണ്ണരാജി,
നിറമുള്ള പൂക്കൾ
കടം കൊടുത്തു,
പ്രേമം മൊഴിയുന്നു
കോകിലങ്ങൾ,
നൃത്തവിലോലരായ്
പൂത്തുമ്പികൾ,
മധുരം വിളമ്പുന്നു
ഗ്രീഷ്മകാലം,
അമൃതം തുളുമ്പും
കനികളാലേ,
വാസനക്കാറ്റ്
വിരുന്നു വന്നു,
വേനൽമഴയുടെ
താളമോടെ,
ഋതുസംക്രമത്തിലെ
താരുണ്യമേ,
എത്ര മനോഹരം
നിൻ സ്വരൂപം.
Dr. Manoj.M.R.
Comments
Post a Comment