തോഴൻ
തോഴൻ
..................
നിൻ മുഖം കാണുവാൻ,
നിൻ മൊഴി കേൾക്കുവാൻ,
തോഴനായ് വന്നു
ഞാൻ ഗുരുവായൂരിൽ,
കാർമുകിൽവർണ്ണാ
മുരളീധരാ, ഞാൻ,
നിന്നൊപ്പം കളിയാടാ-
നൊരുങ്ങി വന്നു,
വെണ്ണ നുണഞ്ഞിട്ട്,
ആനപ്പുറത്തേറി
ചുറ്റമ്പലത്തിൽ
സവാരി ചെയ്യാം,
സ്നേഹമഞ്ചാടികൾ
വാരിക്കളിച്ചിട്ട്,
ഊഞ്ഞാലിലേറി-
പ്പറന്നുയരാം,
വാർമുടിക്കെട്ടിലെ
മയിൽപ്പീലിക്കണ്ണുകൾ,
മുദ്രയാൽ മൊഴിയുന്ന
കഥ നുകരാം,
നിൻ വേണുഗാനത്തിൻ
മോഹനരാഗത്തിൽ,
പീതാംബരം ചൂടി
നൃത്തമാടാം,
അമ്പലമുറ്റത്തെ -
യാമ്പൽ കുളത്തിൽ
പെയ്യും നിലാമഴ
നോക്കിനിൽക്കാം,
നിൻ മുഖം കാണുവാൻ,
നിൻ മൊഴി കേൾക്കുവാൻ,
തോഴനായ് വന്നു ഞാൻ,
നിൻ ഗൃഹത്തിൽ.
Dr.Manoj.M.R.
Comments
Post a Comment