തുംഗ
തുംഗ.
............
അദ്വൈതസൂര്യനാം
ആചാര്യശങ്കരൻ,
ആത്മപ്രഭയാർന്ന
ശൃംഗേരിയിൽ,
ജ്ഞാനപീയൂഷമാ-
യൊഴുകുന്നു തുംഗ,
കർമ്മവിനാശിനീ -
തീർത്ഥമായി,
ആചാര്യഗാത്രത്തിൻ
സ്പർശനമാത്രയിൽ,
നിർമ്മലയായി നീ,
കോമളാംഗി,
ശങ്കരദേവന്റെ
ജ്ഞാനപ്രഭാമയം,
നിന്നെയും ചൈതന്യ-
ഗംഗയാക്കി,
നിന്നിൽ രമിക്കുന്ന
സുന്ദരമത്സ്യങ്ങൾ,
മോക്ഷം കൊതിക്കുന്ന
താപസരോ,
നിൻ പുളിനത്തിലെ
പീഠഭൂവിൽ,
വേദം വിളമ്പുന്നു
ശാരദാംബ,
നിന്റെ സവിധത്തിൽ
മിഴിയടയ്ക്കേ,
ഉള്ളിൽ മുഴങ്ങുന്നു
പ്രണവമന്ത്രം,
നിന്നിലിറങ്ങി ഞാൻ
ധ്യാനിക്കവെ,
ആനന്ദതീർത്ഥമാ-
യെൻ മനസ്സും.
Dr.Manoj.M.R.
Comments
Post a Comment